
ലേഖനം : ബ്രദർ അനു സി.
"ഞങ്ങൾക്കു ദൈവത്തെ ആരാധിക്കാൻ പോകണം." ഇങ്ങനെ പറയാനാണ് അന്ന് ഈജിപ്തിൻ്റെ അടിമത്തത്തിലായിരുന്ന ഇസ്രായേൽ ജനത്തോടു ദൈവം ആവശ്യപ്പെട്ടത് (പുറ 3,18; 5,1,3). ഇതു തന്നെയാണ്, ഒരുപക്ഷേ, ഇന്ന് ഓരോ വിശ്വാസിയുടെയും പ്രാർഥനയും. എന്താണ് ആരാധന? "ആരാധന മതാത്മകത എന്ന സുകൃതത്തിൻ്റെ പ്രഥമപ്രവൃത്തിയാണ്. ദൈവത്തെ ആരാധിക്കുക എന്നത്, അവിടത്തെ ദൈവമായി, സ്രഷ്ടാവും രക്ഷകനുമായി, അസ്തിത്വമുള്ള സകലത്തിൻ്റെയും കർത്താവും അധിനാഥനുമായി അനന്തവും കരുണാർദ്രവുമായ സ്നേഹമായി അംഗീകരിക്കുകയാണ്"(CCC no.2096). ചുരുക്കിപറഞ്ഞാൽ, ദൈവത്തിന്റെ പരിപൂർണതയെയും ആധിപത്യത്തെയും അംഗീകരിക്കുകയും സകലത്തിൻ്റെയും നിലനില്പിനാധാരമായി തിരിച്ചറിഞ്ഞുകൊണ്ട് സമർപ്പിക്കുകയുംചെയ്യുന്ന മതാത്മക പ്രവൃത്തിയാണ് ആരാധന. മറിയം സ്തോത്രഗീതത്തിൽ ചെയ്തതുപോലെ, അവിടന്നു വലിയ കാര്യങ്ങൾ ചെയ്തുവെന്നും അവിടത്തെ നാമം വിശുദ്ധമാണെന്നും നന്ദിയോടെ ഏറ്റുപറഞ്ഞുകൊണ്ട് അവിടത്തെ പുകഴ്ത്തുകയും മഹത്ത്വപ്പെടുത്തുകയും തന്നെത്തന്നെ വിനീതനാക്കുകയും ചെയ്യുക എന്നതാണ് ആരാധന' (cf. Lk 1,46-49). ആരാധന മനുഷ്യൻ്റെ അടിസ്ഥാന ആവശ്യവും അവകാശവും ദൈവത്തിൻ്റെ അസ്തിത്വവും ഈ അസ്തിത്വത്തിൻ്റെ സവിശേഷതകളും ദൈവം ചെയ്ത മഹത്തും വിസ്മയനീയവുമായ പ്രവർത്തികളും തിരിച്ചറിഞ്ഞ ഏതൊരാൾക്കും അവിടത്തെ ആരാധിക്കാതിരിക്കാൻ കഴിയില്ല. മാത്രമല്ല, ദൈവാന്വേഷണം മനുഷ്യൻ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന അടിസ്ഥാന അന്വേഷണങ്ങളിൽ ഒന്നാണ്. അതിനാൽതന്നെ, ആരാധന മനുഷ്യൻ്റെ മൗലികാവകാശമാണ്. മനുഷ്യൻ്റെ ഈ അടിസ്ഥാന ആവശ്യവും അവകാശവുമാണ് ഈ കൊറോണക്കാലത്ത് നിഷേധിക്കപ്പെട്ടിരിക്കുന്നത്. നിഷേധപ്രാപ്തിയാണ് മനുഷ്യനെ മനുഷ്യനാക്കുന്നതെന്നാണ് ഫ്രഞ്ചു തത്ത്വശാസ്ത്രജ്ഞനായ സാർത്ര് പറയുന്നത്. അതായത് മനുഷ്യൻ സത്താപരമായി നിഷേധിയാണ്. മൃഗങ്ങളിൽ നിന്നു മനുഷ്യനെ വ്യത്യസ്തനാക്കുന്നത് ഈ നിഷേധിക്കാനുള്ള കഴിവാണ്. പലതും കൂടുതൽ മഹത്ത്വമേറിയവയ്ക്കായി വേണ്ടെന്നുവയ്ക്കാൻ മനുഷ്യനേ കഴിയൂ. പരസ്യാരാധന നമ്മുടെ അവകാശമായിരുന്നിട്ടും അത് വേണ്ടെന്നുവച്ചത് കൊറോണ എന്ന മഹാമാരിയെ ഭൂമുഖത്തുനിന്നും തുടച്ചുനീക്കി മനുഷ്യരാശിയെ സംരക്ഷിക്കുക എന്ന മഹത്തായ ലക്ഷ്യത്തിനുവേണ്ടിതന്നെ. ആരാധന എങ്ങനെയെല്ലാം എങ്കിലും മനുഷ്യൻ്റെ അന്തരംഗത്തിലെ ദൈവാരാധന എന്ന അടിസ്ഥാന ആവശ്യം എങ്ങനെയാണ് സഫലമാക്കപ്പെടേണ്ടത്? മൂന്നുവിധത്തിലാണ് സാധാരണ ആരാധന പ്രകടിപ്പിക്കേണ്ടത്.
ഒന്നാമത്തേത് പരസ്യാരാധനയാണ്. രണ്ടാമത്തേത് നമ്മുടെ ജീവിതം തന്നെ പൂർണമായി ആരാധനയായി അർപ്പിക്കലാണ്. ("നിങ്ങളുടെ ശരീരങ്ങളെ വിശുദ്ധവും ദൈവത്തിനു പ്രീതീകരവുമായ സജീവബലിയായി സമർപ്പിക്കുവിൻ. ഇതായിരിക്കണം നിങ്ങളുടെ യഥാർഥമായ ആരാധന"[റോമ 12,1]."അതിനാൽ, നിങ്ങൾ ഭക്ഷിക്കുകയോ പാനംചെയ്യുകയോ മറ്റെന്തെങ്കിലും പ്രവർത്തിക്കുകയോ ചെയ്യുമ്പോൾ അവയെല്ലാം ദൈവമഹത്ത്വത്തിനായി ചെയ്യുവിൻ"[1 കൊറി 10,31].
മൂന്നാമത്തേത് സ്വകാര്യ ആരാധനയാണ്. അതായത്, ദൈവവുമായുള്ള നമ്മുടെ വ്യക്തിപരമായ ഐക്യം വഴി നല്കേണ്ട ആരാധന. ("നീ പ്രാർഥിക്കുമ്പോൾ നിൻ്റെ മുറിയിൽ കടന്ന്, കതകടച്ച്, രഹസ്യമായി നിൻ്റെ പിതിവിനോടു പ്രാർഥിക്കുക"[മത്താ 6,6].
ഇപ്രകാരം മൂന്നു തലങ്ങളുണ്ട് ആരാധനയ്ക്ക്. അഥവാ, ഈ മൂന്നു വഴികളിലൂടെയാണ് ആരാധന എന്ന മനുഷ്യന്റെ അടിസ്ഥാന ആവശ്യം നിറവേറേണ്ടത്.
പരസ്യാരാധന സാധ്യമല്ലാത്ത ഈ കൊറോണക്കാലത്ത് ജീവിതം തന്നെ പൂർണമായി ആരാധനയാക്കി ദൈവത്തിനർപ്പിക്കാം. ദൈവവുമായുള്ള പൂർണമായ ഐക്യം വഴിയും നമുക്ക് ദൈവത്തെ ആരാധിക്കാം.
Comentarios