top of page

സ്തോത്രയാഗ പ്രാര്‍ത്ഥന - പാപ്പായുടെ പൊതുദര്‍ശന പരിചിന്തനം

Writer's picture: EditorEditor

പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭദിനം!

വിശുദ്ധകുര്‍ബ്ബാനയെ അധികരിച്ചുള്ള പ്രബോധനം നമുക്കു തുടരാം. ഇതില്‍ നമുക്കിന്ന് സ്തോത്രയാഗപ്രാര്‍ത്ഥനയെക്കുറിച്ച് ചിന്തിക്കാം. അപ്പവും വീഞ്ഞു കാഴ്ചവെച്ചതിനു ശേഷം സ്തോത്രയാഗ പ്രാര്‍ത്ഥന ആരംഭിക്കുന്നു. ഇത് വിശുദ്ധ കുര്‍ബ്ബാനാര്‍പ്പണത്തെ യോഗ്യമാക്കിത്തീര്‍ക്കുന്നു, ഒപ്പം ഇതാണ് വിശുദ്ധകുര്‍ബ്ബാനയിലെ ദിവ്യകാരുണ്യോന്മുഖമായ സുപ്രധാന നിമിഷം. അന്ത്യഅത്താഴവേളയില്‍ ശിഷ്യന്മാരോടൊപ്പം ഭക്ഷണത്തിനിരുന്ന യേശു അപ്പവും വീഞ്ഞുമെടുത്തു കൃതജ്ഞതയര്‍പ്പിച്ചുകൊണ്ട് ചെയ്തകാര്യങ്ങളാണവ. അവിടത്തെ ആ കൃതജ്ഞതാര്‍പ്പണം അവിടത്തെ രക്ഷാകരബലിയോട് നമ്മെ ഒന്നു ചേര്‍ത്തുകൊണ്ട് നാമര്‍പ്പിക്കുന്ന ഓരോ ദിവ്യബലിയിലും ആവര്‍ത്തിക്കപ്പെടുന്നു.

സാഘോഷമായ ഈ പ്രാര്‍ത്ഥനയില്‍ സഭ വിശുദ്ധര്‍ബ്ബാനാര്‍പ്പണത്തില്‍ അവള്‍ പൂര്‍ത്തിയാക്കുന്നവയെയും ദിവ്യപൂജാര്‍പ്പണത്തിന്‍റെ കാരണവും ആവ്ഷ്ക്കരിക്കുന്നു. ആശീര്‍വ്വദിക്കപ്പെട്ട അപ്പത്തിലും വീഞ്ഞിലും യഥാര്‍ത്ഥത്തില്‍ സന്നിഹിതനായ ക്രിസ്തുവുമായുള്ള ഐക്യമാണ് ഈ ദിവ്യയാഗത്തിന്‍റെ ലക്ഷ്യം. ഹൃദയം കര്‍ത്താവിങ്കലേക്ക് ഉയര്‍ത്താനും അവിടത്തേക്കു കൃതജ്ഞതയേകാനും വിശ്വാസികളെ ക്ഷണിക്കുന്ന പുരോഹിതന്‍ സന്നിഹിതരായിരിക്കുന്ന സകലരുടെയും നാമത്തില്‍ സ്തോത്രയാഗ പ്രാര്‍ത്ഥന ഉച്ചസ്വരത്തില്‍ ചൊല്ലുകയും, പരിശുദ്ധാത്മാവില്‍ ക്രിസ്തുവഴി പിതാവിന് സമര്‍പ്പിക്കുകയും ചെയ്യുന്നു. ദൈവത്തിന്‍റെ മഹത്തായ പ്രവൃത്തികളെ വാഴ്ത്തുകയും ദിവ്യയാഗം അര്‍പ്പിക്കുകയും ചെയ്യുന്നതില്‍ വിശ്വാസികളുടെ സമൂഹം മുഴുവന്‍ ക്രിസ്തുവിനോടു ഒന്നു ചേരണമെന്നതാണ് ഈ പ്രാര്‍ത്ഥനയുടെ പൊരുള്‍. ഈ ഏകയോഗമാകലിന് അതെന്താണെന്നു മനസ്സിലാകണം. അതിനുവേണ്ടിയാണ് സഭ വിശുദ്ധകുര്‍ബ്ബാനാര്‍പ്പണം ജനങ്ങള്‍ക്കറിയാവുന്ന അവരുടെ ഭാഷകളിലാക്കിയത്. അത് ഈ സ്തുതിയേകലില്‍, മഹാപ്രാര്‍ത്ഥനയില്‍ പുരോഹിതനോടൊപ്പം വിശ്വാസികളുടെ സമൂഹവും ഒന്നുചേരുന്നതിനാണ്. സത്യത്തില്‍ ക്രിസ്തുവിന്‍റെ ബലിയും ദിവ്യകാരുണ്യയാഗവും ഏകബലിയാണ്.

ആരാധനക്രമ ഗ്രന്ഥത്തില്‍ സ്തോത്രയാഗപ്രാര്‍ത്ഥനയുടെ വിവിധ രൂപങ്ങളുണ്ട്. ഇവയ്ക്കെല്ലാം സവിശേഷതകളുമുണ്ട്. ഇവയെല്ലാം മനോഹരങ്ങളാണ്. സര്‍വ്വോപരി ആമുഖ പ്രാര്‍ത്ഥനയുണ്ട്. അത് ദൈവത്തിന്‍റെ ദാനങ്ങള്‍ക്ക്, വിശിഷ്യ, സ്വപുത്രനെ ദൈവം രക്ഷകനായി അയച്ചതിന് ദൈവത്തിനുള്ള നന്ദിപ്രകടനമാണ്. ഈ ആമുഖ പ്രാര്‍ത്ഥന സമാപിക്കുന്നത് “പരിശുദ്ധന്‍” എന്ന പ്രഘോഷണത്തോടുകൂടിയാണ്. “പരിശുദ്ധന്‍” ആലപിക്കപ്പെടുകയാണ് പതിവ്. പരിശുദ്ധന്‍, പരിശുദ്ധന്‍, കര്‍ത്താവ് പരിശുദ്ധന്‍ എന്ന് ആലപിക്കുന്നത് എത്ര മനോഹരമാണ്. ദൈവത്തെ സ്തുതിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്നതിന് മാലാഖമാരുടെയും വിശുദ്ധരുടെയും സ്വരത്തോടു തങ്ങളുടെ സ്വരം വിശ്വാസികളുടെ സമൂഹം സമന്വയിപ്പിക്കുന്നു.

ഇതിനെത്തുടര്‍ന്ന് റൂഹാക്ഷണപ്രാര്‍ത്ഥനയാണ്. പരിശുദ്ധാരൂപി അവിടത്തെ ശക്തിയാല്‍ അപ്പവും വീഞ്ഞും വാഴ്ത്തുന്നതിനുവേണ്ടിയാണിത്. പരിശുദ്ധാരൂപിയുടെ പ്രവര്‍ത്തനവും പുരോഹിതന്‍ ഉച്ചരിക്കുന്ന ക്രിസ്തുവചസ്സുകളുടെ ശക്തിയും അപ്പത്തിന്‍റെയും വീഞ്ഞിന്‍റെയും രൂപങ്ങളില്‍ ക്രിസ്തുവിന്‍റെ ശരീരരക്തങ്ങളെ യഥാര്‍ത്ഥത്തില്‍ സന്നിഹിതമാക്കിത്തീര്‍ക്കുന്നു, അവിടന്ന് എന്നന്നേക്കുമായി ഒരിക്കല്‍ അര്‍പ്പിച്ച ബലി ആവര്‍ത്തിതമാക്കുന്നു. യേശു തന്നെ പറയുന്നു ഇതെന്‍റെ ശരീരമാണ്, ഇതെന്‍റെ രക്തമാണ് എന്ന്. ഇവിടെ വിശ്വാസമാണ് നമ്മെ സഹായിക്കനായി എത്തുന്നത്. വിശ്വാസത്തിന്‍റെ മഹാരഹസ്യം നമുക്കു പ്രഖ്യാപിക്കാമെന്ന് വൈദികന്‍ സ്തോത്രയാഗത്തിനു ശേഷം പറയുന്നുണ്ട്. കര്‍ത്താവിന്‍റെ മഹത്വപൂര്‍ണ്ണമായ പുനരാഗമനത്തെക്കുറിച്ചുള്ള പ്രതീക്ഷയില്‍ അവിടത്തെ മരണത്തിന്‍റെയും ഉത്ഥനാത്തിന്‍റെയം ഓര്‍മ്മയാചരിച്ചുകൊണ്ട് സഭ പിതാവിന് ഭൂസ്വര്‍ഗ്ഗങ്ങളെ ഒന്നിപ്പിക്കുന്ന ബലിയര്‍പ്പിക്കുന്നു. ക്രിസ്തുവുമായി നമ്മെ ഒന്നിപ്പിക്കുന്നതിന് സഭ അഭിലഷിക്കുന്നു; കര്‍ത്താവുമായി നാം ശരീരത്തിലും ആത്മാവിലും ഒന്നായിത്തീരണമെന്ന് സഭ ആഗ്രഹിക്കുന്നു.

സഭ ക്രിസ്തുവിന്‍റെ സമര്‍പ്പണത്തോടും അവിടത്തെ പ്രാര്‍ത്ഥനയോടും ഒന്നുചേരുന്നു എന്നതാണ് കൂട്ടായ്മയുടെ രഹസ്യം. ഈ ഒരു വെളിച്ചത്തിലാണ് കാറ്റക്കൂമ്പുകളില്‍, അതായത്, ക്രൈസ്തവരെ രഹസ്യമായി അടക്കിയിരുന്ന ഭൂഗര്‍ഭ സെമിത്തേരികളില്‍, സഭ, കൈകള്‍ വിരിച്ച് പ്രാര്‍ത്ഥിക്കുന്ന ഒരു സ്ത്രീയായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.

കുരിശില്‍ ക്രിസ്തു എപ്രകാരമാണൊ കൈകള്‍ വിരിച്ചുകിടക്കുന്നത് അപ്രകാരം, അവിടന്നിലൂടെയും അവിടത്തോടുകൂടയും സഭ സകലര്‍ക്കുമായി സ്വയം അര്‍പ്പിക്കുകയും മാദ്ധ്യസ്ഥ്യം വഹിക്കുകയും ചെയ്യുന്നു.

സ്തോത്രയാഗപ്രാര്‍ത്ഥനയില്‍ ആരും വിസ്മരിക്കപ്പെടുന്നില്ല. വിശുദ്ധ കുര്‍ബ്ബാന ക്രിസ്തുവിന്‍റെ സൗജന്യമായ ബലിയാണ്. പരിത്രാണം സൗജന്യ ദാനമാണ്. ആകയാല്‍ ഒരുവന്‍റെ പേര് അനുസ്മരിക്കപ്പെടുന്നതിന് പണം നല്കേണ്ടതില്ല. ഒരു സംഭാവനയേകാന്‍ നിനക്കു തോന്നുന്നുണ്ടെങ്കില്‍ അതു നീ ചെയ്തുകൊള്ളുക. ഇതു ശരിയായി മനസ്സിലാക്കേണ്ടത് സുപ്രധാനമാണ്.

ക്രോഡീകരിച്ച പ്രാര്‍ത്ഥനാക്രമം, ശരിയാണ് അത് പുരാതനമാണ്, ഒരു പക്ഷേ നമ്മില്‍ നിന്ന് അകന്നു നില്ക്കുന്ന ഒന്നായി തോന്നാം, എന്നാല്‍ ഈ പ്രാര്‍ത്ഥനയുടെ അര്‍ത്ഥം ശരിക്കു മനസ്സിലാക്കിയാല്‍ തീര്‍ച്ചയായും നമ്മള്‍ അതില്‍ ഉപരിമെച്ചപ്പെട്ട രീതിയില്‍ പങ്കുചേരും. യേശുവിന്‍റെ ശിഷ്യരില്‍ ഉണ്ടായിരിക്കേണ്ട മനോഭാവങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ നമ്മെ പഠിപ്പിക്കുകയും ചെയ്യുന്നുണ്ട് സ്തോത്രയാഗപ്രാര്‍ത്ഥന. ഈ മൂന്നു മനോഭാവങ്ങളില്‍ ഒന്ന് “എന്നും എവിടെയും നന്ദിയര്‍പ്പിക്കാന്‍ പഠിക്കുക” എന്നതാണ്. ചില അവസരങ്ങളില്‍ മാത്രമല്ല, എല്ലാം ശരിയായ ദിശയിലായിരിക്കുമ്പോള്‍ മാത്രമല്ല, എല്ലാ വേളകളിലും. രണ്ടാമത്തേത് “നമ്മുടെ ജീവിതത്തെ സ്നേഹത്തിന്‍റെ സ്വതന്ത്രവും സൗജന്യവുമായ ദാനമായി മാറ്റുക”. മൂന്നാമത്തേത്, “സഭയില്‍ സകലരുമായും സമൂര്‍ത്തമായ കൂട്ടായ്മ സംജാതമാക്കുക” എന്നതാണ്. ആകയാല്‍ വിശുദ്ധ കുര്‍ബ്ബാനയിലെ മുഖ്യമായ ഈ പ്രാര്‍ത്ഥന നമ്മുടെ ജീവിതം മുഴുവനെയും “ദിവ്യകാരുണ്യമാക്കി” അതായത് കൃപാവരത്തിന്‍റെ ഒരു കര്‍മ്മമാക്കി മാറ്റാന്‍ നമ്മെ അഭ്യസിപ്പിക്കുന്നു.

പാപ്പായുടെ ഈ വാക്കുകളെ തുടര്‍ന്ന് ഈ പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ സംബോധനചെയ്യുകയും ചെയ്തു.

ഈ തപസ്സുകാലം കൃപയുടെയും ആത്മീയനവീകരണത്തിന്‍റെയും സമയമായി ഭവിക്കട്ടെയെന്ന് പാപ്പാ ആംഗലഭാഷാക്കാരെ സംബോധനചെയ്യവെ ആശംസിച്ചു.

യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും സംബോധന ചെയ്ത പാപ്പാ അനുതാപപ്രവൃത്തിയുടെതായ ഈ കാലത്തില്‍ പിന്‍ചെല്ലേണ്ടുന്ന പ്രത്യാശയുടെ സരണി കര്‍ത്താവു കാണിച്ചുതരട്ടെയെന്ന് ആശംസിച്ചു.

പൊതുകൂടിക്കാഴ്ചാപരിപാടിയുടെ അവസാനം കര്‍ത്തൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടതിനെ തുടര്‍ന്ന് പാപ്പാ എല്ലാവര്‍ക്കും തന്‍റെ അപ്പസ്തോലിക ആശീര്‍വ്വാദം നല്കി. ആശീര്‍വ്വാദനന്തരം വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയിലേക്കു പോയ പാപ്പാ അവിടെ സന്നിഹിതരായിരുന്നവരെ അഭിവാദ്യം ചെയ്തു.

മഴയുണ്ടാകുമെന്നു കരുതിയതിനാലാണ് ചത്വരത്തിനു പകരം ബസിലിക്കയിലും സമ്മേളിക്കേണ്ടി വന്നതെന്നു പറഞ്ഞ പാപ്പാ അവരുമൊത്തു നന്മനിറഞ്ഞ മറിയമെ എന്ന പ്രാര്‍ത്ഥന ചൊല്ലുകയും അവര്‍ക്ക് ആശീര്‍വ്വാദമേകുകയും ചെയ്തു


27 views0 comments
bottom of page