top of page

ജപമാലയും മിഖായേൽ മാലാഖയോടുള്ള പ്രാർത്ഥനക്കും ആഹ്വാനവുമായി ഫ്രാൻസിസ് പാപ്പ

Writer's picture: EditorEditor

എല്ലാ പൈശാചിക സ്വാധീനങ്ങളിൽ നിന്നും തിരുസഭയെ സംരക്ഷിക്കുന്നതിനായി മരിയന്‍ മാസമായ ഒക്ടോബറില്‍ ദിവസവും പരിശുദ്ധ കന്യകാ മാതാവിന്റെ ജപമാലയും മിഖായേല്‍ മാലാഖയോടുള്ള പ്രാര്‍ത്ഥനയും ചൊല്ലി പ്രാർത്ഥിക്കുവാൻ ഫ്രാന്‍സിസ് പാപ്പ ആഗോള കത്തോലിക്ക സമൂഹത്തോട് ആഹ്വാനം ചെയ്തു. ജപമാലക്കൊടുവില്‍ പരിശുദ്ധ കന്യകാമാതാവിന്റെ ഏറ്റവും പുരാതന മധ്യസ്ഥ പ്രാര്‍ത്ഥനയായ “സുബ് തുഉം പ്രസീദിയും” (Sub Tuum Praesidium) എന്ന പ്രാർത്ഥന ചൊല്ലണമെന്നും പരിശുദ്ധ പിതാവ് പറഞ്ഞു.

“Sub tuum praesídium confúgimus, sancta Dei Génetrix; nostras deprecatiónes ne despícias in necessitátibus, sed a perículis cunctis líbera nos semper, Virgo gloriósa et benedícta”.

(സുബ് തുഉം പ്രസീദിയും കൊൺഫൂജിമൂസ്‌ സാന്ത ദേയി ജേനത്രിക്‌സ്; നോസ്ത്രാസ് ദെപ്രെകസിയോണെസ് ഇൻ നെചെസിതാതിബൂസ് സെദ് അ പെരീകുളിസ് കുൻതിസ് ലീബെര നോസ് സെംപർ വിർഗോ ഗ്ലോറിയോസ എത്ത് ബെനെദീക്ത)

പ്രാര്‍ത്ഥനയുടെ മലയാള പരിഭാഷ:

“പരിശുദ്ധ ദൈവമാതാവേ, നിൻ്റെ ​ സംരക്ഷണത്തിൻ കീഴില്‍ ഞങ്ങള്‍ ശരണം തേടുന്നു. ഞങ്ങളുടെ ബുദ്ധിമുട്ടുകളില്‍ ഞങ്ങളെ ഉപേക്ഷിക്കരുതേ, ശ്രേഷ്ഠതയും, അനുഗ്രഹവും നിറഞ്ഞ കന്യകയേ, എല്ലാ അപകടങ്ങളില്‍ നിന്നും സദാ ഞങ്ങളെ രക്ഷിക്കണമേ”.

തിന്മയുമായുള്ള പോരാട്ടത്തില്‍ ശക്തി പകരുന്ന വിശുദ്ധ മിഖായേല്‍ മാലാഖയോടുള്ള പ്രാര്‍ത്ഥനക്കും പാപ്പ ആഹ്വാനം ചെയ്തിട്ടുണ്ട്.

“Sancte Míchael Archángele, defénde nos in próelio; contra nequítiam et insídias diáboli esto praesídium. Imperet illi Deus, súpplices deprecámur, tuque, Prínceps milítiae caeléstis, Sátanam aliósque spíritus malígnos, qui ad perditiónem animárum pervagántur in mundo,

divína virtúte, in inférnum detrúde. Amen”.

(സാന്തെ മിഖായേൽ അർക്കാഞ്ചലേ , ഡീഫേന്തെ നോസ് ഇൻ പ്രോയെലിയോ; കൊന്ത്ര നെക്വീസിയാം എത്ത് ഇൻസീദിയാസ് ദിയാബൊളി എസ്തോ പ്രസീദിയും. ഇoപെരാത്ത് ഇല്ലി ദേഊസ്‌, സൂപ്ലിചെസ് ദേപ്രെകാമൂർ, തൂക്വേ, പ്രീഞ്ചിപെസ് മിലീസിയെ ചെലേസ്തിസ് , സാത്തനാം ആലിയോസ്‌ക്വേ സ്‌പീരിത്തോസ്‌ മലീഞ്ഞോസ്, കുയി ആദ് പെർദിസിയോണെം ആനിമാരും പെർവഗാന്തൂർ ഇൻ മുന്തോ, ദിവീന വിർതൂതെ, ഇൻ ഇൻഫേർണും ദേത്രൂദെ . ആമേൻ)

"മുഖൃദൂതനായ വി.മിഖായലെ, അന്ധകാര ശക്തികൾക്ക് എതിരായ യുദ്ധത്തിൽ ഞങ്ങളെ സഹായിക്കണമെ, പിശാചിന്റെ തന്ത്രങ്ങളിലും കെണികളിലും നിന്ന് ഞങ്ങളെ കാത്തുകൊള്ളണമേ. ദൈവം അവനെ ശാസിക്കട്ടെ, ഞങ്ങൾ താഴ്മയോടെ അപേക്ഷിക്കുന്നു. ഓ സ്വർഗീയ സൈന്യങ്ങളുടെ പ്രതാപവനായ പ്രഭോ, ലോകത്തിൽ ചുറ്റി സഞ്ചരിച്ചു ആത്മാക്കളെ പീഡിപ്പിക്കുന്ന സാത്താനെ ദൈവത്തിന്റെ ശക്തിയാൽ നരകാഗ്നിയിൽ തള്ളേണമേ." ആമേൻ

മാതാവിന്റെ മാധ്യസ്ഥം യാചിക്കുന്ന പ്രാര്‍ത്ഥനകളിൽ, ഇന്ന് ലഭ്യമായിട്ടുള്ളതിൽ വച്ച് ഏറ്റവും പഴക്കമുള്ള പ്രാര്‍ത്ഥനയാണ് “സുബ് തുഉം പ്രസീദിയും”. പാശ്ചാത്യ-പൗരസ്ത്യ സഭകളില്‍ പുരാതനകാലം മുതൽ തന്നെ ചൊല്ലികൊണ്ടിരുന്ന ഒരു ഗീതമാണ് ഈ പ്രാര്‍ത്ഥന. എഡി 250നും 280നും ഇടക്ക്‌, ഏതാണ്ട് മൂന്നാം നൂറ്റാണ്ട് മുതല്‍ ഈ പ്രാർത്ഥന നിലവിലുണ്ടായിരുന്നുവെന്ന് കണക്കാക്കപ്പെടുന്നു.

നമ്മെ ദൈവത്തില്‍ നിന്നും വേര്‍പ്പെടുത്തുന്നതിന് വേണ്ടി നിരന്തരം പരിശ്രമിച്ചു കൊണ്ടിരിക്കുന്ന സാത്താന്റെ ശ്രമങ്ങളില്‍ നിന്നും രക്ഷപ്പെടേണ്ടതിന് പരിശുദ്ധ കന്യകാ മാതാവിന്റേയും, മിഖായേല്‍ മാലാഖയുടേയും സഹായം അത്യാവശ്യമാണെന്നാണ് പാപ്പ പ്രസ്താവിച്ചത്. പ്രാർത്ഥനക്ക് പുറമേ അനുരഞ്ജനവും, അനുതാപവും ആവശ്യമാണെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു. തന്റെ ബാള്‍ട്ടിക് സന്ദര്‍ശനത്തിന് മുന്‍പായി ‘വേള്‍ഡ് നെറ്റ്വര്‍ക്ക് ഓഫ് പ്രെയര്‍ ഫോര്‍ ദി പോപ്‌’ന്റെ ഡയറക്ടറായ ഫാ. ഫ്രഡറിക് ഫോര്‍ണോസ് എസ്.ജെ യുമായി കൂടിക്കാഴ്ച നടത്തുകയും തന്റെ ഈ അഭ്യര്‍ത്ഥന ലോകം മുഴുവനുമുള്ള വിശ്വാസികളില്‍ എത്തിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് വത്തിക്കാൻ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.


 
 
 
bottom of page