top of page

കത്തോലിക്കാ സഭയിൽ വിഗ്രഹാരാധനയാണോ?

Writer's picture: EditorEditor

വിഗ്രഹാരാധന ദൈവം തന്നെ വിലക്കിയിട്ടുണ്ട് എന്ന് പറയുന്നവർ സാധാരണ ചൂണ്ടിക്കാണിക്കുന്ന വചന ഭാഗങ്ങളിൽ ചിലതാണ്:

"മുകളില്‍ ആകാശത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലോ ജലത്തിലോ ഉള്ള ഒന്നിന്‍െറയും പ്രതിമയോ സ്വരൂപമോ നീ നിര്‍മിക്കരുത്‌; അവയ്‌ക്കു മുന്‍പില്‍ പ്രണമിക്കുകയോ അവയെ ആരാധിക്കുകയോ ചെയ്യരുത്‌. എന്തെന്നാല്‍, ഞാന്‍, നിൻ്റെ ദൈവമായ കര്‍ത്താവ്‌, അസഹിഷ്‌ണുവായ ദൈവമാണ്‌." (പുറപ്പാട്‌ 20 : 4-5)


"മോശ കര്‍ത്താവിൻ്റെയടുക്കല്‍ തിരിച്ചു ചെന്നു പറഞ്ഞു: ഈ ജനം ഒരു വലിയ പാപം ചെയ്‌തുപോയി. അവര്‍ തങ്ങള്‍ക്കായി സ്വര്‍ണംകൊണ്ടു ദേവന്‍മാരെ നിര്‍മിച്ചു. " (പുറപ്പാട്‌ 32 : 31).


എന്നാൽ ഇക്കൂട്ടർ ഇതിനോടൊപ്പം മറന്നുപോകുന്ന അല്ലെങ്കിൽ അവഗണിച്ചുകളയുന്ന ചില വചനങ്ങൾ കൂടി വിശുദ്ധ ഗ്രന്ഥത്തിൽ ഉണ്ട്. അതായത് വിഗ്രഹങ്ങൾ ഉണ്ടാക്കരുത് എന്ന് പറഞ്ഞ ദൈവംതന്നെ മതപരമായ ആവശ്യങ്ങൾക്കും (Religious use) ആചാരമായ ആവശ്യങ്ങൾക്കും (Ritual use) അത് നിർമ്മിക്കാൻ ആവശ്യപ്പെടുന്നുണ്ട്.


ആദ്യം മതപരമായ ആവശ്യങ്ങൾക്ക് നിർമ്മിക്കാൻ പറഞ്ഞിരിക്കുന്നത് നോക്കാം


"കൃപാസനത്തിൻ്റെ രണ്ടറ്റത്തുമായി അടിച്ചു പരത്തിയ സ്വര്‍ണംകൊണ്ട്‌ രണ്ടു കെരൂബുകളെ നിര്‍മിക്കണം. കൃപാസനത്തിൻ്റെ രണ്ടറ്റത്തും അതിനോട്‌ ഒന്നായിച്ചേര്‍ന്നിരിക്കത്തക്ക വണ്ണം വേണം കെരൂബുകളെ നിര്‍മിക്കാന്‍. കൃപാസനം മൂടത്തക്കവിധം കെരൂബുകള്‍ ചിറകുകള്‍ മുകളിലേക്കു വിരിച്ചു പിടിച്ചിരിക്കണം. കെരൂബുകള്‍ കൃപാസനത്തിലേക്കു തിരിഞ്ഞ്‌ മുഖാഭിമുഖം നിലകൊള്ളണം." (പുറപ്പാട്‌ 25 : 18-20)


"ഒരു വശത്തു നിന്നു മൂന്ന്‌, മറുവശത്തുനിന്ന്‌ മൂന്ന്‌ എന്ന കണക്കില്‍ വിളക്കുകാലിൻ്റെ ഇരുവശത്തുമായി ആറു ശാഖകളുണ്ടായിരിക്കണം. ഓരോ ശാഖയിലും ബദാംപൂവിൻ്റെ ആകൃതിയില്‍ മുകുളങ്ങളോടും പുഷ്‌പദലങ്ങളോടുംകൂടിയ മൂന്നു ചഷകങ്ങളുണ്ടായിരിക്കണം. വിളക്കുതണ്ടിന്‍മേല്‍ ബദാംപൂവിൻ്റെ ആകൃതിയില്‍ മുകുളങ്ങളും പുഷ്‌പദലങ്ങളും ചേര്‍ന്ന നാലു ചഷകങ്ങള്‍ ഉണ്ടായിരിക്കണം." (പുറപ്പാട്‌ 25 : 32-34).


വീണ്ടും, മറ്റൊരു ഭാഗത്ത് ദാവീദ് സോളമന് അൾത്താര നിർമ്മാണത്തിനു വേണ്ട പദ്ധതി കൊടുക്കുമ്പോൾ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക; കർത്താവ് തന്നെ എഴുതി നൽകിയ കാര്യങ്ങളാണെന്ന് സോളമനെ ഓർമപ്പെടുത്തുന്നു.


"ധൂപപീഠത്തിനുവേണ്ട തങ്കം, കര്‍ത്താവിൻ്റെ ഉടമ്പടിയുടെപേടകത്തിന്‍െറ മുകളില്‍ ചിറകുവിരിച്ചു നില്‍ക്കുന്ന കെരൂബുകളോടുകൂടിയരഥത്തിൻ്റെ രൂപരേഖ, രഥത്തിനുവേണ്ട സ്വര്‍ണം എന്നിവനല്‌കി. തത്‌സംബന്‌ധമായ എല്ലാവിവരങ്ങളും കര്‍ത്താവുതന്നെ എഴുതി ഏല്‍പിച്ചിട്ടുള്ളതാണ്‌. എല്ലാപണികളും ഇതനുസരിച്ചുതന്നെ നടത്തേണ്ടതാണ്‌." (1 ദിനവൃത്താന്തം 28 : 18-19)


എസക്കിയേൽ പ്രവാചകൻ അദ്ദേഹം ഒരു ദർശനത്തിൽ കണ്ട ദേവാലയത്തിൻ്റെ വിവരണം കൂടി ശ്രദ്ധിക്കുക:

"വാതിലിനു മുകളിലേക്ക്‌ ശ്രീകോവിലിന്‍െറ അകത്തും വിശുദ്‌ധ സ്‌ഥലത്തും ഭിത്തിയില്‍ ചിത്രപ്പണികളുണ്ടായിരുന്നു. കെരൂബുകളും ഈന്തപ്പനകളും, രണ്ടു കെരൂബുകളുടെ മധ്യേ ഒരു ഈന്തപ്പന എന്ന ക്രമത്തില്‍, ചിത്രീകരിക്കപ്പെട്ടിരുന്നു. ഓരോ കെരൂബിനും രണ്ടു മുഖം വീതം ഉണ്ടായിരുന്നു. ഒരു വശത്തെ ഈന്തപ്പനയുടെ നേരേ മനുഷ്യമുഖവും മറുവശത്തെ ഈന്തപ്പനയുടെനേരേ സിംഹക്കുട്ടിയുടെ മുഖവും തിരിഞ്ഞിരുന്നു. ദേവാലയം മുഴുവന്‍ ചുറ്റും ഇങ്ങനെ കൊത്തിവച്ചിരുന്നു. ദേവാലയ ഭിത്തിയില്‍ തറമുതല്‍ വാതിലിൻ്റെ മേല്‍ഭാഗംവരെ കെരൂബുകളുടെയും ഈന്തപ്പനകളുടെയും ചിത്രങ്ങള്‍ കൊത്തിയിരുന്നു." (എസെക്കിയേല്‍ 41 : 17-20)


ഇങ്ങനെ മതപരമായ (Religious use) ആവശ്യങ്ങൾക്ക് നിർമ്മിക്കാൻൻ ആവശ്യപ്പെ ദൈവം ഇനി അത് ആചാരമായി (Ritual use) അല്ലെങ്കിൽ അനുഷ്ഠാനമായി നിർമ്മിക്കാനോ ഉപയോഗിക്കാനോ ആവശ്യപ്പെട്ടിരിക്കുന്നത് നോക്കാം.


അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ദൈവം മോശയോട് പിത്തള സർപ്പത്തെ ഉണ്ടാക്കി മലമുകളിൽ നാട്ടാൻ ആവശ്യപ്പെട്ടത്. "കര്‍ത്താവ്‌ മോശയോട്‌ അരുളിച്ചെയ്‌തു: ഒരു പിച്ചള സര്‍പ്പത്തെ ഉണ്ടാക്കി വടിയില്‍ ഉയര്‍ത്തി നിര്‍ത്തുക. ദംശനമേല്‍ക്കുന്നവര്‍ അതിനെ നോക്കിയാല്‍ മരിക്കുകയില്ല. മോശ പിച്ചളകൊണ്ട്‌ ഒരു സര്‍പ്പത്തെ ഉണ്ടാക്കി അതിനെ വടിയില്‍ ഉയര്‍ത്തി നിര്‍ത്തി; ദംശനമേറ്റവര്‍ പിച്ചളസര്‍പ്പത്തെ നോക്കി; അവര്‍ ജീവിച്ചു. " (സംഖ്യ 21 : 8-9)


എന്തുകൊണ്ട് ഇത് സാധ്യമായി എന്ന് മനസ്സിലാക്കണമെങ്കിൽ ജ്ഞാനത്തിന്റെ പുസ്തകത്തിലേക്ക് തിരിഞ്ഞുനോക്കണം

"അതിലേക്കു നോക്കിയവര്‍ രക്‌ഷപ്പെട്ടു; അവര്‍കണ്ട വസ്‌തുവിനാലല്ല, എല്ലാറ്റിന്‍െറയും രക്‌ഷകനായ അങ്ങുമൂലം രക്‌ഷപെട്ടു." (ജ്‌ഞാനം 16 : 7)


ഇത് വെറും ഒരു കെട്ടുകഥയോ തുന്നിപ്പിടിപ്പിച്ചതോ അല്ല. ഇതിൻറെ സാധുത നമ്മുടെ കർത്താവായ യേശുക്രിസ്തു തന്നെ വെളിപ്പെടുത്തുന്നുണ്ട്:


"മോശ മരുഭൂമിയില്‍ സര്‍പ്പത്തെ ഉയര്‍ത്തിയതുപോലെ, തന്നില്‍ വിശ്വസിക്കുന്നവനു നിത്യജീവന്‍ ഉണ്ടാകേണ്ടതിന്‌ മനുഷ്യപുത്രനും ഉയര്‍ത്തപ്പെടേണ്ടിയിരിക്കുന്നു."  (യോഹന്നാന്‍ 3 : 14-15)


ഇവിടെ ഒരു കാര്യം വളരെ വ്യക്തമാണ് മരുഭൂമിയിൽ ഉയർത്തപ്പെട്ട പിത്തള സർപ്പത്തെ നോക്കി അന്ന് മനുഷ്യൻ രക്ഷപ്പെട്ടത് പോലെ ഇന്ന് വിശ്വാസത്തോട് കൂടി ക്രിസ്തുവിന്റെ തിരു സ്വരൂപത്തെ നോക്കി അനേകംപേർ രക്ഷ പ്രാപിക്കുന്നുണ്ട്. അതിൽ നോക്കുന്നവർ രക്ഷപ്പെടുന്നത് അവർ കണ്ട വസ്തുവിനാൽ അല്ല. മറിച്ച് എല്ലാത്തിൻറെയും ഉടയവനായ ദൈവത്തിലൂടെയാണ് എന്നത് നാം മറക്കരുത്.

"അതിലേക്കു നോക്കിയവര്‍ രക്‌ഷപ്പെട്ടു; അവര്‍കണ്ട വസ്‌തുവിനാലല്ല, എല്ലാറ്റിന്‍െറയും രക്‌ഷകനായ അങ്ങുമൂലം രക്‌ഷപെട്ടു." (ജ്‌ഞാനം 16 : 7)

അതുകൊണ്ട്  It clearly justifies the fact that statues could be used not only merely for "Religious Decoration" but also for "Ritual usage"

ഇവിടെ ശ്രദ്ധിക്കേണ്ട വേറൊരു കാര്യമുണ്ട്. ദൈവം ആവശ്യപ്പെട്ടത് പ്രകാരം മോശ തന്നെ നിർമ്മിച്ച നെഹുഷ്‌താന്‍ എന്ന ഈ സർപ്പത്തെ പിൽക്കാലത്ത് ഹെസക്കിയാ രാജാവ് തകർത്തുകളയുന്നു.


"അവന്‍ പൂജാഗിരികള്‍ നശിപ്പിക്കുകയും സ്‌തംഭങ്ങളും അഷേരാപ്രതിഷ്‌ഠകളും തകര്‍ക്കുകയും ചെയ്‌തു.മോശ ഉണ്ടാക്കിയ നെഹുഷ്‌താന്‍ എന്നു വിളിക്കപ്പെടുന്ന ഓട്ടു സര്‍പ്പത്തിൻ്റെ മുന്‍പില്‍ ഇസ്രായേല്‍ ധൂപാര്‍ച്ചന നടത്തിയതിനാല്‍ അവന്‍ അതു തകര്‍ത്തു." (2 രാജാക്കന്‍മാര്‍ 18 : 4)


ഇവിടെ അവർ സർപ്പത്തെ ആരാധിച്ചത് ഒരു നാഗ ദൈവമായിട്ടാണ് (ഈജിപ്തുകാരുടെ ദേവന്മാരിൽ ഒരാളാണ് - ഫറവോമാരുടെ കിരീടത്തിൽ കാണുന്നത് ഈ നാഗ ദൈവമാണ്). ഇവിടെ ഇസ്രായേൽ ജനത തങ്ങളുടെ രക്ഷകനായ ദൈവത്തെ മറന്ന് അവർ മറ്റൊരു ദൈവത്തെ അവിടെ അതിൽ കണ്ടു, അതിനെ ധൂപിച്ചു. അതാണ് വിഗ്രഹാരാധന.


ഇതിൽ നിന്ന് വ്യക്തമാകുന്ന ഒരു കാര്യം ഇതാണ്: നമ്മുടെ കർത്താവായ ദൈവത്തിലേക്ക് വിരൽചൂണ്ടുന്ന ഒന്നും വിഗ്രഹങ്ങൾ അല്ല. അവ മനുഷ്യരെ ദൈവത്തിലേക്ക് അടുപ്പിക്കുന്ന ചൂണ്ടുപലകകളാണ്. മാത്രവുമല്ല ദൈവത്തിൻറെ അനുഗ്രഹം നേടാനുള്ള അവസരം കൂടിയാണ്. കാരണം നമ്മുടെ വിഗ്രഹങ്ങൾ ദൈവത്തിൻ്റെ നാമം അനുസ്മരിപ്പിക്കുന്നവയാണ്.


"ജനതകളുടെ വിഗ്രഹങ്ങൾ പൊന്നും വെള്ളിയുമാണ്‌; മനുഷ്യരുടെ കരവേലകൾ മാത്രം. അവയ്‌ക്കു വായുണ്ട്‌; എന്നാൽ സംസാരിക്കുന്നില്ല. അവയ്‌ക്കു കണ്ണുണ്ട്‌; എന്നാൽ, കാണുന്നില്ല. അവയ്‌ക്കു കാതുണ്ട്‌; എന്നാൽ, കേൾ ക്കുന്നില്ല” (സങ്കീ 135: 15-17).


മനുഷ്യന് ഒരു ദൈവത്തെ വേണമെന്ന് തോന്നിയപ്പോൾ അവൻ്റെ ഭാവനക്ക് അനുസരിച്ച് ഒരു ദൈവത്തെ ഉണ്ടാക്കി. പുറപ്പാട് പുസ്തകത്തിൽ കാണുന്നത് അതാണ്. ദൈവത്തോട് സംസാരിക്കാൻ മോശ മലമുകളിലേക്ക് കയറിപോയപ്പോൾ മലയടിവാരത്തിൽ തങ്ങൾക്ക് ആരാധിക്കാൻ ഒരു ദൈവത്തെ വേണമെന്ന് ഇസ്രായേൽ ജനത അഹറോനോട് ആവശ്യപ്പെടുന്നു. അവരുടെ ആക്രോശം നിമിത്തം അഹറോൻ സ്വർണം ഉരുക്കി ഒരു കാളക്കുട്ടിയെ ഉണ്ടാക്കുന്നു അവർ അതിനു ചുറ്റും പാട്ടുപാടി നൃത്തം ചെയ്ത് അതിനെ ആരാധിക്കുന്നു. മലമുകളിൽ മോശയോട് സംസാരിക്കുന്ന, പത്ത് കല്പനകൾ നൽകുന്ന ദൈവത്തിലേക്ക് വിരൽ ചൂണ്ടുന്നതല്ല അവർ നിർമ്മിച്ച കാളക്കുട്ടി. അവർ മറ്റൊരു ദൈവത്തെയാണ് നിർമ്മിച്ചത്. ഇതാണ് വിഗ്രഹാരാധന!


ഇത് കൂടെ ശ്രദ്ധിക്കുക: "നിങ്ങള്‍ എനിക്കു മണ്ണുകൊണ്ട്‌ ഒരു ബലിപീഠം ഉണ്ടാക്കണം. അതിന്‍മേല്‍ ആടുകളെയും കാളകളെയും ദഹ നബലികളും സമാധാനബലികളുമായി അര്‍പ്പിക്കണം. എന്‍െറ നാമം അനുസ്‌മരിക്കാന്‍ ഞാന്‍ ഇടവരുത്തുന്നിടത്തെല്ലാം ഞാന്‍ നിങ്ങളുടെ അടുക്കലേക്കു വന്ന്‌ നിങ്ങളെ അനുഗ്രഹിക്കും." (പുറപ്പാട്‌ 20 : 24) വിഗ്രഹങ്ങൾ ഉണ്ടാക്കരുത് എന്ന് ആവശ്യപ്പെടുന്ന അതേ അധ്യായത്തിലെ തന്നെ വചനമാണ് മേലുദ്ധരിച്ചത്. അതു കൊണ്ട് പ്രതിമ നിർമ്മിക്കുന്നതോ സൂക്ഷിക്കുന്നതോ വണങ്ങുന്നതോതെറ്റല്ല. കത്തോലിക്കാ സഭ നൽകുന്നത് വണക്കം (Veneration) ആണ്. ആരാധനയല്ല (Adoration).


ഇതിനെയും ചിലർ സംശയിക്കാറുണ്ട്. നിയമാവർത്തനം 5: 9  ഉദ്ധരിച്ചുകൊണ്ടാണ് അവർ വാദിക്കുന്നത്.

"നീ അവയെ കുമ്പിട്ടാരാധിക്കുകയോ സേവിക്കുകയോ ചെയ്യരുത്. എന്തെന്നാല്‍, നിൻ്റെ ദൈവവും കര്‍ത്താവുമായ ഞാന്‍ എന്നെ വെറുക്കുന്നവരുടെ മൂന്നും നാലും തലമുറകള്‍വരെയുള്ള മക്കളെ അവരുടെ പിതാക്കന്‍മാരുടെ തിന്‍മമൂലം ശിക്ഷിക്കുന്ന അസഹിഷ്ണുവായ ദൈവമാണ്". (നിയമാവർത്തനം 5: 9)


അവരെ സംബന്ധിച്ച് കുമ്പിടുന്നത് എല്ലാം ആരാധനയാണ്. അങ്ങനെയെങ്കിൽ മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചന നടത്തി വണങ്ങുന്നത് ആരാധനയായി കരുതുമോ? ജപ്പാനിലെ അവരുടെ രീതിയനുസരിച്ച് ഹസ്തദാനത്തിന് പകരം വ്യക്തികളെ അഭിസംബോധന ചെയ്യാൻ കുമ്പിടുകയാണ് പതിവ് . അത് ആരാധനയായി കരുതുമോ?


വിശുദ്ധ ഗ്രന്ഥത്തിൽ നിന്ന് തന്നെ ഇതിനും തെളിവുകൾ നിരത്താം. "അപ്പോള്‍ മോശയും അഹറോനും സമൂഹത്തില്‍നിന്നു സമാഗമകൂടാരവാതില്‍ക്കല്‍ ചെന്ന് സാഷ്ടാംഗം വീണു. കര്‍ത്താവിൻ്റെ മഹത്വം അവര്‍ക്കു വെളിപ്പെട്ടു." (സംഖ്യ 20:6) 


സമാഗമകൂടാരത്തിനകത്ത് വച്ചിരിക്കുന്നത് വാഗ്ദാന പേടകമാണ്. അതിനെയാണ് അവർ വണങ്ങിയത്. അങ്ങനെയെങ്കിൽ അത് വിഗ്രഹാരാധനയാകേണ്ടതല്ലേ?  അപ്പോൾ ഇതിൽനിന്നെല്ലാം മനസ്സിലാകുന്നത് മതപരമായ ആവശ്യങ്ങൾക്ക്  പ്രതിമകൾ നിർമ്മിക്കാൻ ദൈവംതന്നെ ആവശ്യപ്പെടുകയും അതനുസരിച്ച് ദൈവത്തിൻറെ തിരഞ്ഞെടുക്കപ്പെട്ടവർ അത് പൂർത്തീകരിക്കുകയും ചെയ്തിരുന്നു എന്നാണ്. വിഗ്രഹാരാധനയാണ് എന്ന് വാദിക്കുന്നവരുടെ വാദങ്ങൾക്ക് യാതൊരു അടിസ്ഥാനവും ഇല്ല എന്ന് വളരെ വ്യക്തമാണ്.


മതപരമായ ആവശ്യങ്ങൾക്ക് പ്രതിമകളും ചിത്രങ്ങളും ഉപയോഗിക്കാം എന്നാണ് നാമിതുവരെ കണ്ടത്. എങ്കിലും ഇനി ഒരു സംശയം കൂടെ ബാക്കിയുണ്ട്. ദൈവത്തിൻറെ ചിത്രത്തെ സംബന്ധിച്ചാണ്.


"അതിനാല്‍, നിങ്ങള്‍ പ്രത്യേകം ശ്രദ്‌ധിക്കുവിന്‍. ഹോറെബില്‍വച്ച്‌ അഗ്‌നിയുടെ മധ്യത്തില്‍നിന്നു കര്‍ത്താവു നിങ്ങളോടു സംസാരിച്ചദിവസം നിങ്ങള്‍ ഒരു രൂപവും കണ്ടില്ല. അതിനാല്‍, എന്തിൻ്റെയെങ്കിലും  സാദൃശ്യത്തില്‍, പുരുഷൻ്റെയോ സ്‌ത്രീയുടെയോ ഭൂമിയിലുള്ള  ഏതെങ്കിലും മൃഗത്തിൻ്റെയോ ആകാശത്തിലെ ഏതെങ്കിലും പറവയുടെയോ നിലത്തിഴയുന്ന ഏതെങ്കിലും ജന്തുവിൻ്റെയോ ഭൂമിക്കടിയിലെ ജലത്തില്‍ വസിക്കുന്ന ഏതെങ്കിലും മത്‌സ്യത്തിൻ്റെയോ സാദൃശ്യത്തില്‍ വിഗ്രഹമുണ്ടാക്കി നിങ്ങളെത്തന്നെ അശുദ്‌ധരാക്കാതിരിക്കാന്‍ സൂക്‌ഷിച്ചു കൊള്ളുവിന്‍." (നിയമാവര്‍ത്തനം 4 : 15-18)


ബഹുദൈവ വിശ്വാസം നിലനിന്നിരുന്ന, പല ദൈവങ്ങളുടെയും പ്രതിമയുണ്ടാക്കി ആരാധിച്ചിരുന്ന, ഒരു ദേശത്തുനിന്നും വിളിച്ചുകൊണ്ടുവന്ന ഒരു ജനതയോട് മറ്റുള്ളവരെപ്പോലെ നിങ്ങൾ ആകരുത് എന്ന നിർദ്ദേശം ദൈവം നൽകുകയാണിവിടെ. അങ്ങനെ ആവശ്യപ്പെട്ടില്ലായിരുന്നെങ്കിൽ അവരും മറ്റു ദേശക്കാരെ പോലെ വിഗ്രഹമുണ്ടാക്കി ആരാധിക്കും എന്ന് ദൈവത്തിന് അറിയാമായിരുന്നു. കാളക്കുട്ടിയെ ഉണ്ടാക്കി ആരാധിക്കാൻ ശ്രമിച്ചത് നാം മുകളിൽ കണ്ടതാണല്ലോ!


എന്നിരുന്നാലും ദൈവം പിന്നീട് തൻ്റെ ഛായ പടിപടിയായി വ്യക്തമാക്കുന്നുണ്ട് - കാലാന്തരത്തിൽ വളരെ നന്നായി ജനമനസിൽ സ്ഥാനം പിടിക്കത്തക്കവിധത്തിൽ തന്നെ. ഹോറബ് മലയിൽ വച്ച് വെളിപ്പെടുത്തിയിരുന്നെങ്കിൽ ചിത്രകാരൻ അല്ലാത്ത മോശ വരച്ച വര കൊണ്ട് ദൈവത്തെ സൂചിപ്പിച്ചിരുന്നേനെ. എന്നാൽ ദൈവത്തിന് ഒരു പദ്ധതിയുണ്ട് ആര് എന്ത് എങ്ങനെ തൻ്റെ ഛായ വരയ്ക്കണമെന്ന്.


മനുഷ്യരായ നാമെല്ലാം അപൂർണ്ണമാണ്. മനസ്സിലാക്കാൻ ഇന്ദ്രിയങ്ങൾ ആവശ്യമാണ്. ബൈബിൾപോലും നാം മനസിലാക്കിയത് തന്നെ ഒരു താളിൽ കുറിച്ചിട്ട ഏതാനും വരകളും  (അക്ഷരങ്ങൾ ) വർണങ്ങളും ഇന്ദ്രിയങ്ങൾ വഴി നമ്മുടെ ബുദ്ധിയിൽ പ്രവേശിച്ചത് കൊണ്ടാണ്.


അതിനാൽ ഏതൊരു വ്യക്തിക്കും മനസ്സിൽ ഒരു ദൈവസങ്കല്പം (Image of God) കാണും - ഒരു പ്രതിമ ഉണ്ടാക്കിയാലും ഇല്ലെങ്കിലും. പ്രതിമകൾ ഉണ്ടാക്കാതെ ആരാധിക്കുന്നു എന്ന് വാദിക്കുന്നവർക്ക് പോലും അവരുടെ മനസ്സിൽ കുടികൊള്ളുന്ന ഒരു ചിത്രമുണ്ട്. അത് അവഗണിച്ചുകൊണ്ടാണ് അവർ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത്.


അങ്ങനെയെങ്കിൽ രൂപം വെളിപ്പെടുത്താൻ മടിച്ച ദൈവം പിന്നീട്  പടിപടിയായി വെളിപ്പെടുത്തിയത് എങ്ങനെ എന്ന് നോക്കാം.


''ഞാന്‍ നോക്കിക്കൊണ്ടിരിക്കേ, സിംഹാസനങ്ങള്‍ നിരത്തി, പുരാതനനായവന്‍ ഉപവിഷ്‌ടനായി. അവൻ്റെ വസ്‌ത്രം മഞ്ഞുപോലെ ധവളം; തലമുടി, നിര്‍മലമായ ആട്ടിന്‍രോമം പോലെ! തീജ്വാലകളായിരുന്നു അവൻ്റെ സിംഹാസനം; അതിൻ്റെ ചക്രങ്ങള്‍ കത്തിക്കാളുന്ന അഗ്‌നി. അവൻ്റെ മുന്‍പില്‍നിന്ന്‌ അഗ്‌നിപ്രവാഹം പുറപ്പെട്ടു. ആയിരമായിരംപേര്‍ അവനെ സേവിച്ചു; പതിനായിരംപതിനായിരംപേര്‍ അവൻ്റെ മുന്‍പില്‍നിന്നു. ന്യായാധിപസഭ ന്യായവിധിക്ക്‌ ഉപവിഷ്‌ടമായി." (ദാനിയേല്‍ 7 : 9-10)


ആരെയാണ് വെളിപ്പെടുത്തുന്നത് എന്നതിന് വിശദീകരണത്തിൻ്റെ ആവശ്യമില്ല.


ഇനി പുതിയനിയമത്തിൽ, ദൈവം തൻ്റെ പുത്രനിലൂടെ തന്നെ തന്നെ വെളിപ്പെടുത്തുന്നു. മനുഷ്യനായി അവതരിച്ച ഈ പുത്രനെ ലോകം ആരാധിച്ചു.


"അവര്‍ ഭവനത്തില്‍ പ്രവേശിച്ച്‌ ശിശുവിനെ അമ്മയായ മറിയത്തോടുകൂടി കാണുകയും അവനെ കുമ്പിട്ട്‌ ആരാധിക്കുകയും ചെയ്‌തു. നിക്‌ഷേപപാത്രങ്ങള്‍ തുറന്ന്‌ പൊന്നും കുന്തുരുക്കവും മീറയും കാഴ്‌ചയര്‍പ്പിച്ചു." (മത്തായി 2 : 11)


തുടർന്ന് ഈ പുത്രൻ തൻ്റെ പരസ്യജീവിതകാലത്ത് ഞാനും പിതാവും ഒന്നാണ് എന്ന് ഉറപ്പിച്ചു പറഞ്ഞു


"ഞാനും പിതാവും ഒന്നാണ്‌". (യോഹന്നാന്‍ 10 : 30)

വീണ്ടും "യേശു പറഞ്ഞു: "ഇക്കാലമത്രയും ഞാന്‍ നിങ്ങളോടുകൂടെയായിരുന്നിട്ടും പീലിപ്പോസേ, നീ എന്നെ അറിയുന്നില്ലേ? എന്നെ കാണുന്നവന്‍ പിതാവിനെ കാണുന്നു. പിന്നെ, പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചുതരുക എന്നു നീ പറയുന്നതെങ്ങനെ?''  (യോഹന്നാന്‍ 14 : 9)  


തൻറെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ച ദൈവം യേശുക്രിസ്തുവിലൂടെ അത് പൂർണമായി വെളിപ്പെടുത്തി.


ഇത്തരത്തിൽ വിശുദ്ധ ഗ്രന്ഥം തന്നെ വളരെ വ്യക്തമായി എന്താണ് വിഗ്രഹാരാധന എന്ന്പറയുമ്പോൾ ഏതാനും ചില വാചകങ്ങൾ മാത്രം എടുത്തു വച്ച് വചനം പഠിപ്പിക്കുന്നത് ശരിയല്ല. അങ്ങനെ ചെയ്യുന്നവർ സങ്കീർത്തനം 91: 11-12 മാത്രം അടർത്തിയെടുത്ത് യേശുവിനെ മരുഭൂമിയിൽ പരീക്ഷിച്ച പിശാചിന് തുല്യമാണ് (മത്താ 4:6).  ആയതിനാൽ ദൈവിക രഹസ്യങ്ങൾ മനസ്സിലാക്കാൻ വിശുദ്ധ ഗ്രന്ഥം മുഴുവനും മനസ്സിലാക്കണം. അതിന് എളിമയോടുകൂടി വചനത്തെ സമീപിക്കേണ്ടിയിരിക്കുന്നു (മത്താ 11:25). അതിനാൽ പരിശുദ്ധാത്മാവ് എല്ലാവരെയും അനുഗ്രഹിക്കട്ടെ


കടപ്പാട്: ഫാ. അനുരാജ് ആർ.എൽ.

56 views0 comments

Comments


bottom of page