കരിസ്മാറ്റിക്ക് പ്രാർത്ഥനകളിലും ധ്യാനങ്ങളിലും സ്തുതിപ്പും പ്രാർത്ഥനകളും അത്യുച്ചത്തിലാണ് നടത്തുന്നത്. ദൈവത്തെ കേൾപ്പിക്കാൻ ഇത്രയും ശബ്ദം വേണോ? "നീ പ്രാർത്ഥിക്കുമ്പോൾ നിൻ്റെ മുറിയിൽ കടന്ന് കതകടച്ച് രഹസ്യമായി നിൻ്റെ പിതാവിനോട് പ്രാർത്ഥിക്കുക" (മത്താ 6:6) എന്ന് യേശു തന്നെ പറഞ്ഞിട്ടുണ്ട്. അങ്ങനെയെങ്കിൽ ഉച്ചത്തിലുള്ള സ്തുതിപ്പും പ്രാർത്ഥനയും ഈശോയുടെ ഇഷ്ടത്തിന് വിരുദ്ധമല്ലേ എന്ന് ചിന്തിക്കുന്നവരുണ്ട്. എന്താണ് ഈ പ്രാർത്ഥനാ രീതിയുടെ സവിശേഷത?
ആദ്യമായി മനസിലാക്കേണ്ടത് ഉച്ചത്തിൽ പ്രാർത്ഥിക്കുന്നത് ദൈവത്തെ കേൾപ്പിക്കുവാൻ വേണ്ടിയല്ല എന്നതാണ്. ദൈവം ഹൃദയ വികാരവിചാരങ്ങൾ അറിയുന്നവനാകയാൽ മൗനമായി പ്രാർത്ഥിച്ചാലും ദൈവം കേൾക്കും. ഉച്ചത്തിൽ പ്രാർത്ഥിക്കുക എന്നത് മനുഷ്യൻ്റെ ആവശ്യമാണ്. ഹൃദയം ദൈവസാന്നിധ്യഅനുഭവവും ദൈവസ്നേഹവും കൊണ്ട് നിറയുമ്പോൾ അധരങ്ങൾക്ക് സംസാരിക്കാതിരിക്കാൻ സാധിക്കില്ല. മനുഷ്യന് വിചാരം മാത്രമല്ല വികാരവും ഉണ്ട്. വിചാരം മാത്രമായിരുന്നെങ്കിൽ ബുദ്ധികൊണ്ട് പ്രാർത്ഥിച്ചാൽ മതി. മറിച്ച് വികാരം കൂടി ഉള്ളതുകൊണ്ടാണ് ഹൃദയത്തിൻ്റെ നിറവിൽ നിന്ന് പ്രാർത്ഥിക്കുന്നത്. മൗനമായ പ്രാർത്ഥനയും ഉച്ചത്തിൽ വികാരവായ്പൊടുള്ള സ്തുതിപ്പും പ്രാർത്ഥനയും യേശു അംഗീകരിക്കുന്നതായി തിരുവചനം വ്യക്തമാക്കുന്നു. യേശു ജറുസലേമിലേക്ക് രാജകീയമായി പ്രവേശിച്ചപ്പോൾ (ഓശാനത്തിരുനാൾ) അത്യുച്ചത്തിൽ ഓശാന പാടി ആബാലവൃദ്ധം ജനങ്ങൾ ക്രിസ്തുയേശുവിനെ സ്തുതിച്ചപ്പോൾ ജനങ്ങളെ നിശ്ശബ്ദരാക്കണമെന്ന് ഫരിസേയർ യേശുവിനോട് ആവശ്യപ്പെട്ടപ്പോൾ ഈ ജനം മൗനംഭജിച്ചാൽ ഈ കല്ലുകൾ ആർത്തുവിളിക്കുമെന്നാണ് (ലൂക്ക 19:39-൪൦) യേശു പ്രതിവചിച്ചത്. മാത്രമല്ല മനുഷ്യരുടെ മുൻപിൽ എന്നെ ഏറ്റുപറയുന്നവനെ എൻ്റെ പിതാവിൻ്റെ മുമ്പിൽ ഞാനും ഏറ്റുപറയുമെന്ന് (മത്താ 12:8) യേശു പറഞ്ഞപ്പോൾ ഏവരും കേൾക്കേയുള്ള സാക്ഷ്യപ്പെടുത്തലാണ് ഈശോ ആഗ്രഹിക്കുന്നത്.
ഉച്ചത്തിലുള്ള പ്രാർത്ഥനവഴി എനിക്കുമാത്രമല്ല, മറ്റുള്ളവർക്കും പ്രാർത്ഥിക്കുവാൻ പ്രചോദനം നൽകുന്നു.അത് എല്ലാവര്ക്കും കൃപയായി മാറുന്നു. ധ്യാനകേന്ദ്രങ്ങളിലെ പ്രാർത്ഥനക്ക്ശേഷം മടങ്ങുമ്പോൾ ഉണ്ടാകുന്ന ആത്മീയ ഉണർവും ആത്മീയ സന്തോഷവും ഈ കൃപയുടെ ഫലമാണ്. ആയിരങ്ങളും പതിനായിരങ്ങളും ഒത്തുകൂടി മണിക്കൂറുകൾ മൗനപ്രാർത്ഥന നടത്തിയാൽ ഏതനുഭവമായിരിക്കും കിട്ടുക. തുടർന്ന് ആ പ്രാർത്ഥനകളിൽ പങ്കെടുക്കുവാൻ നാം എന്തുമാത്രം താല്പര്യമെടുക്കും? ആത്മീയതയിൽ ഉയർന്നവർക്ക് നിശബ്ദപ്രാർത്ഥന മതി ദൈവാനുഭമുണ്ടാകാൻ. എന്നാൽ സാധാരണ വിശ്വാസികൾക്ക് വിശ്വാസവർദ്ധനവിന് ഇത്തരം സ്തുതിപ്പുകളും വികാര പ്രകടനങ്ങളും അത്യാവശ്യമാണ്. ഒരു നേതാവ് തെരഞ്ഞെടുപ്പിൽ വിജയിക്കുമ്പോൾ ഉച്ചത്തിൽ ജയ് വിളിക്കുന്നത് നേതാവ് കേൾക്കാൻ വേണ്ടിയല്ല, മറിച്ച് പ്രവർത്തകരുടെ ആത്മസംതൃപ്തിക്കുവേണ്ടി കൂടെയാണ്. എന്നാൽ പ്രാർത്ഥനയിൽ ആത്മീയ സന്തോഷവും ലഭിക്കുന്നു. ദൈവത്തിൻ്റെ ഇടപെടലും അതിലൂടെ ദൈവകൃപയും ലഭിക്കുന്നു.
യേശുവിൻ്റെ നാമം ഉച്ചത്തിൽ പ്രഘോഷിച്ചതുകൊണ്ടാണ് അപ്പസ്തോലർ പീഡിക്കപ്പെട്ടത്: അനേകർ രക്തസാക്ഷികളായതും. രക്ഷപെടാൻ യേശു രക്ഷകനാണെന്ന് വിശ്വസിച്ചാൽ മാത്രം പോരാ, ആ വിശ്വാസം അധരംകൊണ്ട് ഏറ്റുപറയുകയും ചെയ്യണമെന്ന് പൗലോസ് അപ്പസ്തോലൻ പഠിപ്പിക്കുന്നുണ്ട് (റോമ 10:9). ആയതിനാൽ ഉച്ചത്തിലുള്ള സ്തുതിപ്പും പ്രാർത്ഥനകളും വിശുദ്ധഗ്രന്ഥം അനുശാസിക്കുന്നുണ്ടെന്ന യാഥാർഥ്യം നാം എപ്പോഴും ഓർക്കണം. ചിലർ പറയുന്നതുപോലെ ദൈവത്തെ കേൾപ്പിക്കാനാണെങ്കിൽ സ്വരത്തിലും പ്രാര്ഥിക്കേണ്ടതില്ല. നിശബ്ദത മാത്രംമതി. ഉള്ളറിയുന്നവൻ നിൻ്റെ വിചാരങ്ങൾ സ്വീകരിക്കും. സമൂഹം ഒന്നാകെ ദൈവത്തെ സ്തുതിക്കുമ്പോൾ ജീവിതത്തിൻ്റെ വീക്ഷണങ്ങളിലും നിലപാടുകളിൽപോലും വ്യത്യസ്തതയുണ്ടാകും-അത് ജീവിതസാക്ഷ്യമായി മാറും.
Comments