
ചരിത്രത്തിലുടനീളം മനുഷ്യൻ ചോദിക്കുന്ന ചോദ്യമാണ്- ദൈവം എന്തിനു വേണ്ടിയാണ് മനുഷ്യനെ സൃഷ്ടിച്ചത്? ശാസ്ത്രവും മതങ്ങളും ഇരുട്ടിൽ തപ്പുമ്പോൾ, ബൈബിൾ മാത്രമേ ഇതിനു വ്യക്തമായ ഉത്തരം നൽകുന്നുള്ളൂ. ദൈവവചനത്തിന്റെ അടിസ്ഥാനത്തിൽ സഭ ഇതിന് മനോഹരമായ വിശദീകരണം നൽകുന്നു
"അനന്തഗുണസമ്പന്നനും തന്നില്‍ തന്നെ സൗഭാഗ്യവാനുമായ ദൈവം കേവലം നന്മ മാത്രം ലക്ഷ്യമാക്കി സ്വതന്ത്രമനസ്സോടെ തന്റെ സൗഭാഗ്യത്തില്‍ ഭാഗഭാക്കാകുവാന്‍ വേണ്ടി മനുഷ്യനെ സൃഷ്ട്ടിച്ചു. ഇക്കാരണത്താല്‍ എല്ലാ സ്ഥലങ്ങളിലും കാലങ്ങളിലും ദൈവം മനുഷ്യനു സമീപസ്ഥനായി വര്‍ത്തിക്കുന്നു. സര്‍വ്വശക്തിയുപയോഗിച്ച് ദൈവത്തെ അന്വേഷിക്കുവാനും അറിയുവാനും സ്നേഹിക്കുവാനും ദൈവം മനുഷ്യനെ ക്ഷണിക്കുന്നു. പാപം മൂലം ചിന്നിച്ചിതറിപ്പോയ മനുഷ്യരെല്ലാവരെയും സഭയാകുന്ന തന്റെ കുടുംബത്തിന്‍റെ ഐക്യത്തിലേക്ക് ദൈവം വിളിച്ചുകൂട്ടുന്നു.
ഈ പദ്ധതി നിറവേറ്റാനായി കാലത്തിന്‍റെ തികവില്‍ ദൈവം സ്വപുത്രനെ പുനരുദ്ധാരകനും രക്ഷകനുമായി ലോകത്തിലേക്കു അയച്ചു. അവന്‍റെ പുത്രനിലും പുത്രനിലൂടെയും പരിശുദ്ധാത്മാവില്‍ ദൈവത്തിന്റെ ദത്തുപുത്രരും അങ്ങനെ അവിടുത്തെ സൗഭാഗ്യജീവിതത്തിന്‍റെ അവകാശികളുമായി തീരാന്‍ വേണ്ടി മനുഷ്യരെ ദൈവം ക്ഷണിക്കുന്നു." (CCC 1)
ഈ ദൈവീകാഹ്വാനം ലോകത്തിലെങ്ങും മുഴങ്ങികേള്‍ക്കാനായി ക്രിസ്തു തന്റെ അപ്പസ്തോലന്മാരെ ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കും അയച്ചു. അവിടുന്ന് അവരോടു പറഞ്ഞു: "നിങ്ങള്‍ പോയി സര്‍വ്വജനതകളെയും ശിക്ഷ്യപ്പെടുത്തുവിന്‍. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവര്‍ക്ക് ജ്ഞാനസ്നാനം നല്‍കുവിന്‍. ഞാന്‍ നിങ്ങളോട് കല്‍പ്പിച്ചവയെല്ലാം അനുസരിക്കുവാന്‍ അവരെ പഠിപ്പിക്കുവിന്‍. ഇതാ യുഗാന്ത്യം വരെ എന്നും ഞാന്‍ നിങ്ങളോട് കൂടെ ഉണ്ടായിരിക്കും". ശ്ലീഹന്മാര്‍ പരിശുദ്ധാത്മാവിനാൽ നിറഞ്ഞ് ഏകരക്ഷകനായ യേശുവിനെ പ്രഘോഷിച്ചു. കര്‍ത്താവ് അവരോടു കൂടി പ്രവര്‍ത്തിക്കുകയും അത്ഭുതങ്ങളിലൂടെയും അടയാളങ്ങളിലൂടെയും അവരുടെ സന്ദേശത്തെ സ്ഥിരീകരിച്ചു.
വിചിന്തനം ക്രിസ്തുവിന്റെ ആഹ്വാനമനുസരിച്ച്, സ്വമനസ്സാ അതിനോടു ക്രിയാത്മമായി പ്രതികരിച്ചവര്‍ ലോകത്തില്‍ എല്ലായിടത്തും 'സുവിശേഷം പ്രഘോഷിക്കുവാന്‍' ക്രിസ്തുവിനോടുള്ള സ്നേഹത്താല്‍ ഉത്തേജിതരായി. നാം ക്രിസ്തുവിനെ സ്നേഹിക്കുന്നുവെങ്കിൽ, നമ്മുടെ വാക്കുകളിലൂടെയും പ്രവർത്തികളിലൂടെയും ക്രിസ്തുവിനെ പ്രഘോഷിക്കാൻ തയ്യാറാകണം. ലോകരക്ഷകനായ യേശുക്രിസ്‌തുവിനെക്കുറിച്ച് ഇനിയും കേട്ടിട്ടില്ലാത്ത അനേകരിലേക്ക് ക്രിസ്തുവിന്റെ സന്ദേശം എത്തിക്കാനും, ദൈവം തന്റെ സൗഭാഗ്യത്തില്‍ ഭാഗഭാക്കാകുവാന്‍ വേണ്ടി തന്റെ ഏകജാതനിലൂടെ എല്ലാ മനുഷ്യരെയും വിളിച്ചിരിക്കുന്നു എന്ന് ലോകത്തോടു പ്രഘോഷിക്കുവാനും നാം തയ്യാറാകണം.
Comentarios