പെസഹവ്യാഴത്തിൻ്റെ സന്ദേശം “ശുശ്രൂഷ” (service), “അർപ്പണം”(sacrifice) എന്നി വാക്കുകളിൽ കണ്ടെത്താം. ഒന്നാമതായി ശിഷ്യരുടെ കാലുകൾ കഴുകി യേശുനാഥൻ കാണിച്ച ശുശ്രുഷയുടെ മാതൃകയുടെയും, രണ്ടാമതായി കുരിശിലെ ബലിയുടെ മുന്നവതരണമായി അപ്പവും വീഞ്ഞും തൻ്റെ ശരീരരക്തങ്ങളുടെ സാദൃശത്തിൽ നൽകി യേശു വിശുദ്ധ കുർബാന സ്ഥാപിച്ചു അർപ്പണജീവിതത്തിൻ്റെ മാതൃക നൽകിയതിൻ്റെയും അനുസ്മരണമാണ് പെസഹവ്യാഴാചരണത്തിൻ്റെ അടിസ്ഥാനം.
അടിമകളുടെ ജ്യോലിയായ കാൽകഴുകൽ നടത്തിയതുമൂലം ഗുരുവും നാഥനുമായ യേശുവിൻ്റെ അന്തസ്സിന് ഒരു ഇടിവും സംഭവിച്ചില്ല. “നിങ്ങളുടെ ഗുരുവും നാഥനുമായ ഞാൻ നിങ്ങളുടെ പാദങ്ങൾ കഴുകിയെങ്കിൽ, നിങ്ങളും പരസ്‌പരം പാദങ്ങൾ കഴുകുവിൻ” (വാക്യം 14) എന്ന് അരുൾ ചെയ്യുന്നതിലൂടെ കാൽകഴുകൽശുശ്രുഷയിലൂടെ ഗുരുവും നാഥനുമെന്ന സ്ഥാനത്തിന് ഒരു കുറവും സംഭവിച്ചിട്ടില്ല എന്നാണ് ശിഷ്യരെ ഓർമ്മിപ്പിക്കുന്നത്. സഭയിൽ നേതൃത്വം ശുശ്രുഷക്കാണ്, യജമാനത്വത്തിനല്ല. അതിനാൽ ദാസ്യസാരഥ്യം (servant-leadership) ആണ്, മറിച്ചു യജമാനസാരഥ്യം (master-leadership) അല്ല തിരുസഭയിൽ പ്രവർത്തികമാകേണ്ടത്.
അന്ത്യത്താഴവേളയിൽ യേശുനാഥൻ അപ്പവും വീഞ്ഞും വാഴ്ത്തി അരുൾചെയ്ത വചനങ്ങൾ “ഇതെൻ്റെ ശരീരമാകുന്നു”, “ഇതെൻ്റെ രക്തമാകുന്നു” എന്നിവ വിടപറയാൻ നേരത്തു പറഞ്ഞ ആശ്വാസവാക്കുകൾ മാത്രം ആയിരുന്നില്ല. അക്ഷരാർത്ഥത്തിൽ കാൽവരിയിൽ അവൻ്റെ ശരീരം മുറിക്കപ്പെടുകയും, രക്തം ചിന്തപ്പെടുകയും ചെയ്‌തു. ഇന്നും ഓരോ ദിവ്യബലിയും ഓർമ്മപ്പെടുത്തുന്നത് കുടുംബജീവിതത്തിൻ്റെയും സഭാജീവിതത്തിൻ്റെയും തലങ്ങളിൽ പരസ്‌പരം സമർപ്പിക്കുന്ന ‘അർപ്പിതജീവിതം’ (sacrificial life) നയിക്കുവാനാണ്.
കാൽകഴുകലിൽ വെളിവാകുന്ന ശുശ്രുഷയുടെ പരിപൂര്‍ണ്ണതയാണ് കുരിശിലെ അർപ്പണം. ആമ്മേൻ.
ഫാ. ജെറി വള്ളോംകുന്നേൽ MCBS
Comentarios