top of page

ദിവ്യബലി (ലത്തീൻ ക്രമം)


പ്രാരംഭകർമ്മം


പുരോഹിതൻ: പിതാവിൻ്റെയും പുത്രൻ്റെയും + പരിശുദ്ധ ത്മാവിൻ്റെയും നാമത്തിൽ.


ജനങ്ങൾ: ആമ്മേൻ


പുരോ: നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിൻ്റെ കൃപയും, പിതാവായ ദൈവത്തിൻ്റെ സ്നേഹവും പരിശുദ്ധാത്മാവിൻ്റെ സംസർഗവും നിങ്ങളോടുകൂടെ


ജനം: അങ്ങേ ആത്മാവോടും കൂടെ.


അഥവാ

----------------------------

പുരോ: നമ്മുടെ പിതാവായ ദൈവത്തിൽ നിന്നും കർത്താ വായ യേശുക്രിസ്തുവിൽനിന്നും കൃപയും സമാ ധാനവും നിങ്ങളോടുകൂടെ.


ജനം: അങ്ങേ ആത്മാവോടും കൂടെ.

------------------------------



അനുതാപകർമ്മം


പുരോ : സഹോദരരേ, ദിവ്യരഹസ്യങ്ങൾ കൊണ്ടാടുന്നതിനു നാം യോഗ്യരാകേണ്ടതിന് നമ്മുടെ പാപങ്ങൾ ഏറ്റുപറയാം.


പുരോ+ ജനം: സർവ്വശക്തനായ ദൈവത്തോടും/ സഹോദരരേ, നിങ്ങളോടും/ ഞാൻ ഏറ്റുപറയുന്നു:/എന്തെന്നാൽ/ വിചാരത്താലും വാക്കാലും/ പ്രവൃത്തിയാലും ഉപേക്ഷയാലും,/ ഞാൻ വളരെയേറെ പാപം ചെയ്‌തുപോയി: / (നെഞ്ചിലടിച്ചുകൊണ്ടു പറയുന്നു) എൻ്റെ പിഴ, എൻ്റെ പിഴ/ എൻ്റെ വലിയ പിഴ./ (അതിനു ശേഷം തുടരുന്നു) ആകയാൽ നിത്യകന്യകയായ പരിശുദ്ധ മറിയത്തോടും/ എല്ലാ മാലാഖമാരോടും വിശുദ്ധരോടും,/ സഹോദരരേ, നിങ്ങളോടും ഞാൻ അപേക്ഷിക്കുന്നു/ എനിക്കുവേണ്ടി / നമ്മുടെ കർത്താവായ ദൈവത്തോടു പ്രാർത്ഥിക്കേണമേ.


പുരോ: സർവശക്തനായ ദൈവം കനിഞ്ഞ്, നമ്മുടെ പാപങ്ങൾ പൊറുത്ത്, നമ്മെ നിത്യജീവിതത്തിലേക്കു നയിക്കുമാറാകട്ടെ.


ജനം: ആമേൻ.


കീരിയെ


പുരോ : കർത്താവേ, കനിയണമേ.

ജനം     : കർത്താവേ, കനിയണമേ.

പുരോ : ക്രിസ്‌തുവേ, കനിയണമേ.

ജനം     : ക്രിസ്തുവേ, കനിയണമേ.

പുരോ : കർത്താവേ, കനിയണമേ.

ജനം     : കർത്താവേ, കനിയണമേ.


ഗ്ലോറിയ


പൂരോ: അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം


പു+ജ: ഭൂമിയിൽ സന്മനസുള്ള മനുഷ്യർക്ക് സമാധാനവും/ കർത്താവായ ദൈവമേ,/ സ്വർഗീയരാജാവേ,/ സർവ്വശക്തനായ ദൈവപിതാവേ, അങ്ങയെ ഞങ്ങൾ സ്‌തുതിക്കുന്നു; / അങ്ങയെ ഞങ്ങൾ വാഴ്ത്തുന്നു; / അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു./ അങ്ങയെ ഞങ്ങൾ മഹത്വപ്പെടുത്തുന്നു/ അങ്ങയുടെ മഹാമഹിമയ്ക്കായി ഞങ്ങൾ നന്ദിപറയുന്നു. / യേശുക്രിസ്തുവേ,/ ജാതനായ ഏകപുത്രനായ കർത്താവേ, / കർത്താവായ ദൈവമേ, / ദൈവ ത്തിൻ്റെ കുഞ്ഞാടേ, / പിതാവായ ദൈവത്തിൻ്റെ പുത്രാ,/ ലോകത്തിൻ്റെ പാപങ്ങൾ നീക്കുന്ന അങ്ങ് / ഞങ്ങളിൽ കനിയണമെ; ലോകത്തിൻ്റെ പാപങ്ങൾ നീക്കുന്ന അങ്ങ് / ഞങ്ങളുടെ പ്രാർത്ഥന കൈക്കൊള്ളണമേ,/ പിതാവിൻ്റെ വലതു ഭാഗത്തിരിക്കുന്ന അങ്ങ്/ ഞങ്ങളിൽ കനിയണമെ;/ എന്തെന്നാൽ. / അങ്ങ് മാത്രം പരിശുദ്ധൻ/ അങ്ങ് മാത്രം കർത്താവ്;/ അങ്ങ് മാത്രം അത്യുന്നതൻ,/ യേശുക്രിസ്‌തുവേ,/ പരിശുദ്ധാത്മാവോടുകൂടെ/ പിതാവായ ദൈവത്തിൻ്റെ മഹത്വത്തിൽ/


ആമ്മേൻ.



സമാഹരണ പ്രാർത്ഥന


പുരോ: നമുക്കു പ്രാർത്ഥിക്കാം.


.......... അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തിൽ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങേ പുത്രനും ഞങ്ങളുടെ കർത്താവുമായ യേശുക്രിസ്‌തുവഴി ഈ പ്രാർത്ഥന കേട്ടരുളണമേ.


ജനം: ആമേൻ.



ദൈവവചന പ്രഘോഷണകർമ്മം


പാഠകൻ: കർത്താവിൻ്റെ വചനം.

ജനം         : ദൈവത്തിനു നന്ദി.


അല്ലേലൂയാ


സുവിശേഷം


പുരോ : കർത്താവ് നിങ്ങളോടുകൂടെ

ജനം     : അങ്ങേ ആത്മാവോടും കൂടെ.


പുരോ: ...യുടെ (ൻ്റെ) വിശുദ്ധ സുവിശേഷത്തിൽ നിന്നുള്ള വായന.


(തത്സമയം അദ്ദേഹം ഗ്രന്ഥത്തിലും നെറ്റിയിലും അധരങ്ങളിലും നെഞ്ചിലും കുരിശടയാളം വരയ്ക്കുന്നു)


ജനം: കർത്താവേ, അങ്ങേക്കു മഹത്ത്വം.


(സുവിശേഷവായനയ്ക്ക് ശേഷം)


പുരോ: കർത്താവിൻ്റെ സുവിശേഷം.

ജനം    : ക്രിസ്‌തുവേ, അങ്ങേക്കു സ്‌തുതി.


വിശ്വാസപ്രമാണം


പുരോ: ഏകദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു.

പു+ജ: സ്വർഗത്തിൻ്റെയും ഭൂമിയുടെയും/ ദൃശ്യവും അദൃശ്യവുമായ എല്ലാറ്റിൻ്റെയും/ സ്രഷ്ട‌ാവും സർവ്വശക്തനുമായ പിതാവിലും ഞാൻ വിശ്വസി ക്കുന്നു; / കർത്താവും, ജാതനായ ഏകദൈവപുത്രനും/ എല്ലാ യുഗങ്ങൾക്കുംമുമ്പ് പിതാവിൽ നിന്നു ജനിച്ചവനുമായ/ യേശുക്രിസ്‌തുവിലും ഞാൻ വിശ്വസിക്കുന്നു./ ദൈവത്തിൽനിന്നുള്ള ദൈവവും/ പ്രകാശത്തിൽനിന്നുള്ള പ്രകാശവും,/ സത്യദൈവത്തിൽ നിന്നുള്ള സത്യദൈവവും/ ജനിച്ചവനെങ്കിലും സൃഷ്‌ടിക്കപ്പെടാത്തവനും പിതാവുമായി സത്തയിൽ ഏകനുമായ/ അവിടുന്ന വഴി സകലവും സൃഷ്ടിക്കപ്പെട്ടു. / മനുഷ്യരായ നമുക്കുവേണ്ടിയും/ നമ്മുടെ രക്ഷയ്ക്കു വേണ്ടിയും/ അവിടുന്ന് സ്വർഗ്ഗത്തിൽ നിന്നിറങ്ങി. (തുടർന്നുവരുന്ന വാക്കുകൾ മുതൽ, മനുഷ്യനായിത്തീർന്നു എന്നതുവരെ എല്ലാവരും ശിരസ്സു നമിക്കുന്നു) പരിശുദ്ധാത്മാവാൽ കന്യകാമറിയത്തിൽ നിന്നും ശരീരം സ്വീകരിച്ച് മനുഷ്യനായിത്തീർന്നു; / പോന്തിയൂസ് പീലാത്തോസിൻ്റെ കാലത്ത്/ നമുക്കുവേണ്ടി ക്രൂശിക്കപ്പെട്ട്/ പീഡകൾ സഹിച്ചു മരിച്ച്/ അടക്കപ്പെട്ടു; / വിശുദ്ധ ലിഖിതങ്ങളനുസരിച്ച് മൂന്നാംദിവസം ഉയിർക്കുകയും സ്വർഗ്ഗത്തിലേക്ക് ആരോഹണംചെയ്ത് പിതാവിൻ്റെ വലതുഭാഗത്തിരിക്കയും ചെയ്യുന്നു./ ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കുവാൻ അവിടുന്ന് മഹത്വത്തോടെ വീണ്ടും വരും;/ അവിടുത്തെ രാജ്യത്തിന് അവസാനം ഉണ്ടാവുകയുമില്ല! കർത്താവും ജീവദാതാവും/പിതാവിൽനിന്നും പുത്രനിൽനിന്നും പുറപ്പെടുന്നവനും പിതാവിനോടും പുത്രനോടുമൊപ്പം/ ആരാധിക്കപ്പെടുന്നവനും സ്തു‌തിക്കപ്പെടുന്നവനും/ പ്രവാചകന്മാർവഴി സംസാരിച്ചവനുമായ / പരിശുദ്ധാത്മാവിലും ഞാൻ വിശ്വസിക്കുന്നു. / ഏകവും/ വിശുദ്ധവും/ സാർവ്വത്രികവും/ അപ്പസ്തോലികവുമായ സഭയിലും ഞാൻ വിശ്വസിക്കുന്നു. / പാപങ്ങളുടെ മോചനത്തിനായുള്ള /ഏകജ്ഞാനസ്‌നാനം/ ഞാൻ ഏറ്റുപറയുകയും/ മരിച്ചവരുടെ ഉയിർപ്പും വരാനിരിക്കുന്ന യുഗത്തിലെ ജീവിതവും/ ഞാൻ പ്രതീക്ഷിക്കുകയും ചെയ്യുന്നു./ 


ആമ്മേൻ.


സ്തോത്രയാഗകർമ്മം


പുരോ: ദൈവമേ അങ്ങേ ഔദാര്യത്താലാണല്ലോ ഞങ്ങൾക്ക് ജീവൻ്റെ ഭോജനമായി തീരാനുള്ള ഭൂമിയുടെയും മനുഷ്യപ്രയത്നത്തിൻ്റെയും ഫലമായമായ ഈ അപ്പം ഞങ്ങൾ സ്വീകരിക്കുകയും, അങ്ങേയ്ക്കു സമർപ്പിക്കുകയും ചെയ്യുന്നത്. സർവസൃഷ്ടി കളുടെയും നാഥനായ അങ്ങു വാഴ്ത്തപ്പെടട്ടെ.


ജനം: ദൈവം എന്നെന്നും വാഴ്ത്തപ്പെടട്ടെ.


പുരോ: ഈ വെള്ളത്തിൻ്റെയും വീഞ്ഞിൻ്റെയും രഹസ്യംവഴി ഞങ്ങളുടെ മനുഷ്യപ്രകൃതിയിൽ പങ്കാളിയാകാൻ തിരുവുള്ളമായ അവിടത്തെ ദിവ്യപ്രകൃതിയിൽ ഞങ്ങൾ  പങ്കാളികളാകുമാറാകട്ടെ.


(വീഞ്ഞ് കാഴ്ചവയ്ക്കുമ്പോൾ ചൊല്ലുന്നു)


പൂരോ: ദൈവമേ, അങ്ങേ ഔദാര്യത്താലാണല്ലോ ഞങ്ങൾക്ക് ആത്മീയപാനീയമായിത്തീരാനുള്ള, മുന്തിരിവള്ളിയുടെയും മനുഷ്യപ്രയത്നത്തിൻ്റെയും ഫലമായ ഈ വീഞ്ഞ് ഞങ്ങൾ സ്വീകരിക്കുകയും അങ്ങേയ്ക്കു സമർപ്പിക്കുകയും ചെയ്യുന്നത്. സർവസൃഷ്ടികളുടെയും നാഥനായ അങ്ങു വാഴ്ത്തപ്പെടട്ടെ.


ജനം: ദൈവം എന്നെന്നും വാഴ്ത്തപ്പെടട്ടെ.


(അനന്തരം പുരോഹിതൻ കുമ്പിട്ട് സ്വഗതമായി ചൊല്ലുന്നു). 


കർത്താവേ, എളിമയുടെ അരൂപിയും അനുതപിക്കുന്ന ഹൃദയവുമുള്ള ഞങ്ങളെ അങ്ങ് സ്വീകരിക്കണമേ. കർത്താവായ ദൈവമേ, ഇന്ന് അങ്ങേ തിരുമുമ്പിൽ ഞങ്ങളുടെ ബലി അങ്ങേക്ക് പ്രീതികരമായിത്തീരട്ടെ.


(അനന്തരം പുരോഹിതൻ അൾത്താരയുടെ ഒരു വശത്തുനിന്ന് കൈകൾ കഴുകിക്കൊണ്ട് താഴ്ന്ന സ്വരത്തിൽ ചൊല്ലുന്നു)


പുരോ: കർത്താവേ, എൻ്റെ മാലിന്യത്തിൽനിന്ന് എന്നെ കഴുകയും  പാപത്തിൽനിന്ന് എന്നെ ശുദ്ധീകരിക്കുകുകയും ചെയ്യണമേ.


പുരോ: സഹോദരരേ, എൻറേയും നിങ്ങളുടെയും ബലി സർവ്വശക്തനും പിതാവുമായ ദൈവത്തിന് സ്വീകര്യമാകാൻവേണ്ടി പ്രാർത്ഥിക്കുവിൻ.


ജനം: കർത്താവ് തൻ്റെ നാമത്തിൻ്റെ സ്‌തുതിക്കും മഹിമക്കും നമ്മുടെയും അവിടത്തെ തിരുസഭ മുഴുവൻ്റെയും നന്മയ്ക്കുമായി, അങ്ങേ കരങ്ങളിൽ നിന്ന് ഈ ബലി സ്വീകരിക്കുമാറാകട്ടെ.


നൈവേദ്യപ്രാർത്ഥന


പുരോ: കർത്താവേ, ഞങ്ങളുടെ ശുശ്രൂഷ കരുണയോടെ കടാക്ഷിക്കണമെന്ന് ഞങ്ങൾ ഞങ്ങളുടെ കർത്താ വായ ക്രിസ്തുവഴി ഈ പ്രാർത്ഥന കേട്ടരുളണമേ.


ജനം: ആമേൻ.


ആമുഖഗീതി  


പുരോ : കർത്താവു നിങ്ങളോടുകൂടെ

ജനം     : അങ്ങേ ആത്മാവോടും കൂടെ.

പുരോ : ഹൃദയങ്ങൾ ഉയർത്തുവിൻ.

ജനം     : കർത്താവിലേക്ക് ഞങ്ങൾ ഉയർത്തിയിരിക്കുന്നു.

പുരോ : നമ്മുടെ കർത്താവായ ദൈവത്തിനു നന്ദി പ്രകാശിപ്പിക്കാം.

ജനം    : അത് ഉചിതവും ന്യായവുമത്രേ


(പുരോഹിതൻ വിരിച്ച കരങ്ങളുമായി ആമുഖഗീതികൾ തുടരുന്നു)


കർത്താവേ, പരിശുദ്ധനായ പിതാവേ, സർവശക്തനും നിത്യനുമായ ദൈവമേ, ഞങ്ങളുടെ കർത്താവായ ക്രിസ്തു വഴി, എങ്ങുമെപ്പോഴും അങ്ങേക്കു ഞങ്ങൾ കൃതജ്ഞത അർപ്പിക്കുന്നത് യഥാർത്ഥത്തിൽ ഉചിതവും ന്യായവും യോഗ്യവും രക്ഷാകരവുമാണല്ലോ.

വഴിതെറ്റിയ മനുഷ്യരോട് അലിവുതോന്നിയ അവിടന്ന് കന്യകയിൽനിന്ന് ജാതനാകാൻ തിരുവുള്ളമായി അവിടന്ന് കുരിശിലെ പീഡകൾ സഹിച്ച് നിത്യമരണത്തിൽനിന്ന് ഞങ്ങളെ മോചിപ്പിക്കുകയും മരണത്തിൽനിന്ന് ഉത്ഥാനം ചെയ്ത‌് ഞങ്ങൾക്ക് നിത്യജീവൻ നൽകുകയും ചെയ്തു. ആകയാൽ, മാലാഖമാരോടും ഭദ്രാസനന്മാരോടും അധിശന്മാരോടും സ്വർഗീയസൈന്യത്തിൻ്റെ എല്ലാ വൃന്ദങ്ങളോടുമൊത്ത് അവിരാമം പ്രകീർത്തിച്ചു കൊണ്ട് അങ്ങേ മഹത്ത്വത്തിൻ്റെ ഗീതം ഞങ്ങൾ ആലപിക്കുന്നു.


ജനം: പരിശുദ്ധൻ,/ പരിശുദ്ധൻ,/ പരിശുദ്ധൻ,/ സൈന്യങ്ങളുടെ കർത്താവായ ദൈവം/ സ്വർഗ്ഗവും ഭൂമിയും അങ്ങയുടെ മഹിമയാൽ നിറഞ്ഞിരിക്കുന്നു./ ഉന്നതങ്ങളിൽ ഹോസാന,/ കർത്താവിൻ്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹീതൻ/ ഉന്നതങ്ങളിൽ ഹോസാന.


പദ്യരൂപം

പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ

സൈന്യങ്ങൾതൻ കർത്താവാം

ദൈവം പരിശുദ്ധൻ

നിരുപമമങ്ങേ മഹിതമകളാൽ 

നിറഞ്ഞുമഹിയും വിണ്ഡലവും

ഹോസാന, ഹോസാന

അത്യുന്നതങ്ങളിൽ ഹോസാന

കർത്താവിൻ തിരുനാമത്തിൽ

വരുവോൻ ഏറ്റം ധന്യനുമാം

ഹോസാന, ഹോസാന

അത്യുന്നതങ്ങളിൽ ഹോസാന



സ്തോത്രയാഗപ്രാർത്ഥന II


C:  കർത്താവേ, സർവ വിശുദ്ധിയുടെയും ഉറവിടമായ അങ്ങ് സത്യമായും പരിശുദ്ധനാകുന്നു. 


(കൈകൾ കൂപ്പുന്നു; അനന്തരം നീട്ടി കാഴ്‌ചദ്രവ്യങ്ങള ടെമേൽ വിരിച്ചുകൊണ്ടു ചൊല്ലുന്നു.)


CC: ആകയാൽ, അങ്ങേ ആത്മാവാൽ മഞ്ഞുകണം പോലെ ഈ കാണിക്കകൾ പവിത്രമാക്കണമേ. അങ്ങനെ, ഞങ്ങൾക്കായി ഇവ ഞങ്ങളുടെ കർത്താവായ യേശുക്രിസ്തുവിന്റെ ശരീരവും രക്തവുമായിത്തീരുമാറാകട്ടെ.


(കൈകൾ കൂപ്പുന്നു; കർത്താവിൻ്റെ തിരുമൊഴികളായ താഴെ വരുന്ന പ്രതിഷ്‌ഠാവചസ്സുകൾ, അവയുടെ സ്വഭാവ മനുശാസിക്കുന്നപോലെ, വ്യക്തമായി ഉച്ചരിക്കേണ്ടതാണ്.)


അവിടന്ന്, ഒറ്റിക്കൊടുക്കപ്പെട്ട് സ്വമനസ്സാലേ പീഡകൾ സഹിച്ചപ്പോൾ,


(അപ്പമെടുത്ത്, ബലിപീഠത്തിൽനിന്ന് അല്പം ഉയർത്തിപ്പിടിച്ചുകൊണ്ട് തുടരുന്നു)


അപ്പമെടുത്ത്, കൃതജ്ഞത പ്രകാശിപ്പിച്ച്, മുറിച്ച്, തൻ്റെ ശിഷ്യന്മാർക്കു കൊടുത്തുകൊണ്ട് അരുൾചെയ്തു:


(അല്പം കുനിഞ്ഞ്,)


എല്ലാവരും ഇതിൽനിന്നു വാങ്ങി ഭക്ഷിക്കുവിൻ; എന്തെന്നാൽ, ഇത് നിങ്ങൾക്കുവേണ്ടി അർപ്പിക്കാനിരിക്കുന്ന എന്റെ ശരീരം ആകുന്നു.


അപ്രകാരം , അത്താഴം കഴിഞ്ഞ്,


(പാനപാത്രമെടുത്ത്, അൾത്താരയിൽനിന്ന് അല്‌പം ഉയർത്തിപ്പിടിച്ചുകൊണ്ട് തുടരുന്നു.)


പാന പാത്രമെടുത്ത്, വീണ്ടും അങ്ങേക്ക് കൃതുജഞത പ്രകാശിപ്പിച്ച്, തന്റെ ശിഷ്യന്മാർക്കു കൊടുത്തുകൊണ്ട് അരുൾചെയ്തു:


(അല്പം കുനിഞ്ഞ് )


എല്ലാവരും വാങ്ങി ഇതിൽ നിന്നു കുടിക്കുവിൻ; എന്തെന്നാൽ, ഇത് നിങ്ങൾക്കുവേണ്ടിയും അനേകർക്കുവേണ്ടിയും പാപമോചനത്തിനായി ചിന്തപ്പെടാനിരിക്കുന്ന എൻ്റെ രക്തത്തിൻ്റെ നവീനവും സനാതനവുമായ ഉടമ്പടിയയുടെ പാനപാത്രമാകുന്നു. ഇതു നിങ്ങൾ എൻ്റെ ഓർമ്മയ്ക്കായി ചെയ്യുവിൻ.


(ജനങ്ങളുടെ ദർശനത്തിന് പാനപാത്രം ഉയർത്തി. തിരികെ തിരുശീലയിൽവച്ച് മുട്ടുകുത്തി ആരാധിക്കുന്നു. അനന്തരം പറയുന്നു.)


C: വിശ്വാസത്തിൻ്റെ രഹസ്യം


ജനം: കർത്താവേ/ അങ്ങ് വീണ്ടും വരുന്നതുവരെ/ അങ്ങേ മരണം ഞങ്ങൾ പ്രഖ്യാപിക്കുന്നു;/ അങ്ങേ ഉയിർപ്പ് ഞങ്ങൾ ഏറ്റുപറയുന്നു.


CC: ആകയാൽ കർത്താവേ, അവിടത്തെ മരണവും ഉയിർപ്പും ഓർത്തുകൊണ്ട് അങ്ങേ തിരുമുമ്പിൽ നില്ക്കുന്നതിനും അങ്ങയെ പരിചരിക്കുന്നതിനും അർഹരാക്കിത്തീർത്തതിന് ഞങ്ങൾ നന്ദിപറഞ്ഞുകൊണ്ട് ജീവൻ്റെ അപ്പവും രക്ഷയുടെ പാനപാത്രവും ഞങ്ങൾ അങ്ങേക്ക് അർപ്പിക്കുന്നു. ക്രിസ്തു‌വിൻ്റെ ശരീരത്തിലും രക്തത്തിലും പങ്കുചേരുന്ന ഞങ്ങളെ പരിശുദ്ധാത്മാവിൽ ഒന്നായി ച്ചേർക്കണമെന്ന് താഴ്‌മയോടെ ഞങ്ങൾ അപേക്ഷി ക്കുന്നു.


C1: കർത്താവേ, ലോകമെങ്ങും വ്യാപിച്ചുകിടക്കുന്ന അങ്ങേ സഭയെ ഓർക്കണമേ. ഞങ്ങളുടെ N. പാപ്പയോടും ഞങ്ങളുടെ രൂപതാദ്ധ്യക്ഷനായ N. മെത്രാ നോടും വൈദികഗണത്തോടുമൊത്ത് സഭയെ അങ്ങ് സ്നേഹത്തിൻ്റെ പൂർണതയിൽ എത്തിക്കണമേ .


(മരിച്ചവർക്കു വേണ്ടിയുള്ള ദിവ്യപൂജനിൽ താഴെ കൊടുത്തിരിക്കുന്നത് ചേർക്കാവുന്നതാണ്.)


(ഇന്ന്) ഈ ലോകത്തിൽ നിന്ന് അങ്ങ് പക്കലേക്കു വിളിച്ച അങ്ങേ ദാസൻ N. (ദാസി N.) യെ ഓർക്കണമേ. അങ്ങേ പുത്രൻ്റെ മരണത്തിനു സദൃശ്യമായി അവിടത്തോട് ഒന്നായിത്തീർന്ന ഇയാളെ അവിടത്തെ ഉത്ഥാനത്തിലും ഒന്നാക്കണമേ.


C2: ഉയിർപ്പിൻ്റെ പ്രത്യാശയോടെ നിദ്രകൊള്ളുന്ന ഞങ്ങളുടെ സഹോദരങ്ങളെയും അങ്ങേ കാരുണ്യത്തിൽ മരണമടഞ്ഞ സകലരെയും അങ്ങ് ഓർക്കുകയും അങ്ങേ മുഖത്തിൻ്റെ പ്രകാശത്തിലേക്ക് അവരെ സ്വീകരിക്കുകയും ചെയ്യണമേ. ഞങ്ങളെല്ലാവരിലും കനിയണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു. അങ്ങനെ, ദൈവമാതാവായ പരിശുദ്ധ കന്യകമറിയത്തോടും ആ കന്യകയുടെ ഭർത്താവായ ഭാഗ്യപ്പെട്ട യൗസേപ്പിനോടും അനുഗൃഹീതരായ അപ്പോസ്തോലന്മാരോടും കാലാകാലങ്ങളിൽ അങ്ങയെ പ്രസാദിപ്പിച്ച സകല വിശുദ്ധരോടുമൊത്ത്, നിത്യ ജീവനിൽ പങ്കുചേരാൻ ഞങ്ങളെ അർഹരാക്കുകയും അങ്ങേ പുത്രനായ യേശുക്രിസ്തു‌വഴി ഞങ്ങൾ അങ്ങയെ സ്‌തുതിക്കുകയും മഹത്ത്വപ്പെടുത്തുകയും ചെയ്യുമാറാകട്ടെ.


(തിരു ശരീരത്തോടുകൂടെ തളികയും പാനപാത്രവും ഉയർത്തിപ്പിടിച്ചുകൊണ്ടു ചൊല്ലുന്നു.)


ക്രിസ്തു‌വിലൂടെ,

ക്രിസ്തുവിനോടുകൂടെ,

ക്രിസ്‌തുവിൽ തന്നെ,

സർവശക്തനായ ദൈവവും പിതാവുമായ അങ്ങേക്ക്

പരിശുദ്ധാത്മാവുമായുള്ള ഐക്യത്തിൽ, എല്ലാ ബഹുമതിയും മഹത്വവും

എന്നും എന്നേയ്ക്കും.


ജനം: ആമ്മേൻ


ദിവ്യകാരുണ്യ സ്വീകരണകർമ്മം


പുരോ: രക്ഷാകരമായ കല്പ്‌പനകളാൽ ഉദ്ബോധിതരായും, ദിവ്യോപദേശത്താൽ രൂപവത്കൃതരായും നിർഭയം നമുക്ക് ഏറ്റുചൊല്ലാം.


(പുരോഹിതൻ കൈകൾ വിരിച്ചുകൊണ്ട് ജനങ്ങളോടു ചേർന്ന് തുടരുന്നു)


പുരോ: സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ,/ അങ്ങേ നാമം പൂജിതമാകണമെ,/ അങ്ങേ രാജ്യം വരണമേ, അങ്ങേ തിരുമനസ് സ്വർഗത്തിലെപ്പോലെ ഭൂമിയിലും ആകണമേ./ അന്നന്നുവേണ്ട ആഹാരം ഇന്നു ഞങ്ങൾക്കു തരേണമേ;/ ഞങ്ങളോടു തെറ്റുചെയ്യുന്നവരോടു ഞങ്ങൾ ക്ഷമിക്കുന്നപോലെ,/ ഞങ്ങളുടെ തെറ്റുകൾ ഞങ്ങളോടും ക്ഷമിക്കേണമേ;/ ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ;/ തിന്മയിൽ നിന്നു ഞങ്ങളെ രക്ഷിക്കണമേ.


പദ്യരൂപം

സ്വർഗത്തിൽ വാഴും ഞങ്ങൾതൻ താതാ

നിൻനാമം പൂജിതമായിടേണം.

വരണം നിൻരാജ്യം, സ്വർഗ്ഗിത്തിലെപ്പോൽ

നിന്നുള്ളം പാരിലുമായിടേണം.

അന്നന്നുവേണ്ടുന്നാഹാരമിന്ന് ഞങ്ങൾക്കു നല്‌കുമാറായിടേണം.

അന്യർതൻ ദ്രോഹം ഞങ്ങൾ ക്ഷമിക്കുംപോൽ

ഞങ്ങൾതൻ ദ്രോഹവും നീ ക്ഷമിക്ക

പാപപരീക്ഷയിലുൾപ്പെടുത്താതെ

തിന്മയിൽനിന്നു നീ കാത്തിടേണം.


(കൈകൾ വിരിച്ചുകൊണ്ട് പുരോഹിതൻ മാത്രം തുടരുന്നു:)


പുരോ: കർത്താവേ, എല്ലാ തിന്മകളിലും നിന്നു ഞങ്ങളെ മോചിപ്പിക്കണമേ; ഞങ്ങളുടെ ദിനങ്ങളിൽ സമാധാനം കനിവാർന്നു നൽകണമേ. അനുഗ്രഹപൂർണമായ പ്രത്യാശയും ഞങ്ങളുടെ രക്ഷകനായ യേശുക്രിസ്തുവിൻ്റെ ആഗമനവും പ്രതീക്ഷിച്ചുകൊണ്ട് അങ്ങേ കരുണയുടെ സഹായത്താൽ ശക്തിപ്രാപിച്ച് ഞങ്ങളെപ്പോഴും പാപത്തിൽനിന്ന് മോചിതരാകുകയും എല്ലാ വിപത്തുകളിലും നിന്ന് സുരക്ഷിതരാകുകയും ചെയ്യുമാറാകട്ടെ.

(കൈകൾ കൂപ്പുന്നു.)

എന്നെന്നും ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങ് ഈ പ്രാർത്ഥന കേട്ടരുളണമേ,


ജനം: ആമേൻ.


(പുരോഹിതൻ ജനങ്ങളുടെനേരേ കൈകൾ വിരിച്ചുകൊണ്ട്, വീണ്ടും കൂപ്പിക്കൊണ്ട് ചൊല്ലുന്നു.)


പുരോ: കർത്താവിൻ്റെ സമാധാനം നിങ്ങളോടുകൂടെ എപ്പോഴും ഉണ്ടായിരിക്കട്ടെ.


ജനം: അങ്ങേ ആത്മാവോടും കൂടെ.


(അനന്തരം, പുരോഹിതൻ സന്ദർഭോചിതം നിർദേശിക്കുന്നു.)


പുരോ: നിങ്ങൾ പരസ്‌പരം സമാധാനം ആശംസിക്കുവിൻ.


പുരോ: നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻ്റെ ശരീരരക്തങ്ങളുടെ സമ്മിശ്രണം, അവ സ്വീകരിക്കുന്ന നമുക്ക് നിത്യജീവൻ പ്രദാനം ചെയ്യുമാറാകട്ടെ..


(തത്സമയം, ജനങ്ങൾ പാടുകയോ ചൊല്ലുകയോ ചെയ്യുന്നു.)


ജനം: ലോകത്തിൻ്റെ പാപങ്ങൾ നിക്കുന്ന ദൈവ കുഞ്ഞാടേ, / ഞങ്ങളിൽ കനിയണമേ.


ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദൈവകു ഞ്ഞാടേ,/ ഞങ്ങളിൽ കനിയണമേ.


ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദൈവകു ഞ്ഞാടേ, / ഞങ്ങൾക്കു സമാധാനം നൽകണമേ.


ഗാനരൂപം

1 ലോകത്തിൻ പാപങ്ങൾ നീക്കീടും ദൈവത്തിൻ കുഞ്ഞാടേ, ഞങ്ങളിൽ നീ കനിയേണമേ.

2. ലോകത്തിൻ പാപങ്ങൾ നീക്കീടും ദൈവത്തിൻ കുഞ്ഞാടേ, ഞങ്ങളിൽ നീ കനിയേണമേ.

3. ലോകത്തിൻ പാപങ്ങൾ നീക്കീടും ദൈവത്തിൻ കുഞ്ഞാടേ ഞങ്ങൾക്ക് ശാന്തി നൽകേണമേ.


പൂരോ: കർത്താവായ യേശുക്രിസ്‌തുവേ, അങ്ങേ ശരീരരക്തങ്ങളുടെ സ്വീകരണം എനിക്ക് വിധിക്കും ശിക്ഷയ്ക്കും കാരണമാകാതെ, അങ്ങേ കാരുണ്യ ത്താൽ എനിക്ക് മനസ്സിനും ശരീരത്തിനും സംരക്ഷണവും സ്വീകാര്യമായ ഔഷധവുമായിത്തീരു മാറാകട്ടെ.


പുരോ: ഇതാ ദൈവത്തിൻ്റെ കുഞ്ഞാട്, ഇതാ ലോകത്തിൻ്റെ പാപങ്ങൾ നീക്കുന്നവൻ! കുഞ്ഞാടിൻ്റെ വിരുന്നിന് ക്ഷണിക്കപ്പെട്ടിരിക്കുന്നവർ അനുഗ്രഹീതർ!


ജനം: കർത്താവേ / അങ്ങ് എൻ്റെ ഭവനത്തിൽ പ്രവേശിക്കുവാൻ ഞാൻ യോഗ്യനല്ല; അങ്ങ് ഒരു വാക്ക് ഉച്ചരിച്ചാൽ മാത്രം മതി എൻ്റെ ആത്മാവ് സുഖം പ്രാപിക്കും.


പുരോ: ക്രിസ്‌തുവിൻ്റെ ശരീരം എന്നെ നിത്യജീവിത്തിനായി സംരക്ഷിക്കട്ടെ.


(ഭക്ത്യാദരപൂർവ്വം ക്രിസ്‌തുവിൻ്റെ ശരീരം ഉൾക്കൊള്ളുന്നു അനന്തരം പാനപാത്രമെടുത്ത് സ്വഗതമായി ചൊല്ലുന്നൂ)


പുരോ: ക്രിസ്‌തുവിൻ്റെ രക്തം എന്നെ നിത്യജീവിതത്തി നായി സംരക്ഷിക്കട്ടെ.


പുരോ: ക്രിസ്‌തുവിൻ്റെ ശരീരം

ജനം    : ആമേൻ.


ദിവ്യഭോജനാനന്തര പ്രാർത്ഥന


പുരോ: നമുക്കു പ്രാർത്ഥിക്കാം.


കർത്താവേ, അങ്ങേ സൗഖ്യദായകമായ പ്രവർ ത്തനം ഞങ്ങളെ ഞങ്ങളുടെ പാപങ്ങളിൽനിന്ന് കാരുണ്യപൂർവം മോചിപ്പിക്കുകയും നേരായവയി ലേക്ക് ഞങ്ങളെ നയിക്കുകയും ചെയ്യുമാറാകട്ടെ ഞങ്ങളുടെ കർത്താവായ ക്രിസ്തു‌ വഴി ഈ പ്രാർത്ഥന കേട്ടരുളണമേ.


ജനം: ആമേൻ.


സമാപനകർമങ്ങൾ


പുരോ: കർത്താവു നിങ്ങളോടു കൂടെ.

ജനം : അങ്ങേ ആത്മാവോടും കൂടെ.


പുരോ: സർവ്വശക്തനായ ദൈവം, പിതാവും പുത്രനും + പരിശുദ്ധാത്മാവും നിങ്ങളെ അനുഗ്രഹിക്കു മാറാകട്ടെ.


ജനം: ആമ്മേൻ.


(അനന്തരം, പുരോഹിതൻ ജനങ്ങളുടെ നേരേ തിരി ഞ്ഞ്, കൈകൾ കൂപ്പി പറയുന്നു.)


പുരോ: പോകുവിൻ, ദിവ്യപൂജ സമാപിച്ചു.

ജനം    : ദൈവത്തിനു നന്ദി.

bottom of page